വിഭജനം തള്ളി ഇന്ത്യയിൽ തുടരാൻ തീരുമാനിച്ചവരാണ് ഈ രാജ്യത്തെ മുസ്‍ലിംകൾ; അവരുടെ ശബ്ദമാവണം -രാഹുൽ ഗാന്ധിക്ക് മെഹബൂബ മുഫ്തിയുടെ കത്ത്
text_fieldsമെഹബൂബ മുഫ്തി
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തുടക്കം കുറിച്ചിരിക്കെ, രാജ്യത്തെ മുസ്‍ലിം അപരവൽകരണം ഉൾപ്പെടെ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളിലേക്ക് ശ്രദ്ധക്ഷണിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹബൂബ മുഫ്തി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെഴുതിയ കത്തിലാണ് രാജ്യത്തെ മുസ്‍ലിം പീഡന വിഷയങ്ങളിൽ കോൺഗ്രസിന്റെയും ഇൻഡ്യ മുന്നണിയുടെയും ഇടപെടലുകൾ അനിവാര്യമാണെന്നത് ഇവർ ചൂണ്ടിക്കാട്ടിയത്.
വിഭജന കാലത്ത് ഇന്ത്യയിൽ നിലയുറപ്പിക്കാൻ തീരുമാനിച്ചവരാണ് ഇവിടുത്തെ മുസ്‍ലിംകൾ. മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും ഉൾപ്പെടെ കോൺഗ്രസിന്റെ ദേശീയ നേതാക്കളിലും മതേതരകാഴ്ചപ്പാടിലും വിശ്വസിച്ച് രാജ്യത്ത് തുടരാൻ തീരുമാനിച്ചവരുടെ വിശ്വാസം നിലനിർത്താൻ രാഹുൽ ഗാന്ധിയുൾപ്പെടെ ഇന്നത്തെ കോൺഗ്രസ് നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്ന് മെഹബൂബ കത്തിൽ വ്യക്തമാക്കി. ഭരണഘടന ഉറപ്പുനൽകുന്ന മതേതര, ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ കോൺഗ്രസിന്റെ ഉത്തരവാദിത്തത്തെയും അവർ ഓർമിപ്പിച്ചു.
പഹൽഗാം ഭീകരാക്രമണം, ഓപറേഷൻ സിന്ദൂർ ഉൾപ്പെടെ വിഷയങ്ങൾ വർഷകാലസമ്മേളനത്തിൽ സജീവമാവാനിരിക്കെയാണ് പി.ഡി.പി അധ്യക്ഷയുടെ കത്ത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മുസ്‍ലിംകൾക്കെതിരെ ഉയരുന്ന ആക്രമണങ്ങളിൽ കോൺഗ്രസും ഇൻഡ്യ മുന്നണിയും ശബ്ദമുയർത്തണമെന്നും അവർ ആവശ്യപ്പെട്ടു.
ബിഹാറിൽ വോട്ടർപട്ടിക പരിഷ്‍കരണത്തിന്റെ പേരിൽ ബംഗ്ലാദേശികൾക്കും റോഹിങ്ക്യകൾക്കുമെതിരെയെന്ന വ്യാജേനെയുള്ള നടപടികൾ മുസ്‍ലിം വിഭാഗങ്ങളെ കൂടതൽ ഭീതിയിലാഴ്ത്തുന്നതായും അവർ ചൂണ്ടിക്കാട്ടി. അസമിൽ ആയിരത്തോളം മുസ്‍ലിം ഭവനങ്ങൾ തകർത്തത് ഉൾപ്പെടെ വർധിച്ചുവരുന്ന പ്രശ്നങ്ങളും കത്തിൽ വിശദീകരിച്ചു.
ബംഗ്ലാദേശിലെയും പാകിസ്താനിലെയും ന്യൂനപക്ഷവിഭാഗമായ ഹിന്ദുക്കളുടെ വിഷയങ്ങളിൽ ശബ്ദിക്കുന്നവർ ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്‍ലിംകളുടെ വിഷയങ്ങളിൽ പൂർണനിശബ്ദത പാലിക്കുകയാണെന്നും മെഹബൂബ മുഫ്തി വിമർശനമുന്നയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.