മെറ്റ വിവാദം: സോഷ്യൽ മീഡിയ പോസ്റ്റുകൾ പുനഃസ്ഥാപിക്കാൻ കർശന നിയമം വേണമെന്ന് നിർദേശം
text_fieldsമാർക്ക് സക്കർബർഗ്, നരേന്ദ്ര മോദി
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് വീഡിയോ 'മെറ്റ' താൽക്കാലികമായി നിയന്ത്രിച്ച സംഭവത്തിന് പിന്നാലെ, ഇന്ത്യയിലെ ഐടി പ്ലാറ്റ്ഫോം ചട്ടങ്ങളിൽ നിലനിൽക്കുന്ന ഘടനാപരമായ ന്യൂനതകൾ ചൂണ്ടിക്കാട്ടി നിയമ നിരീക്ഷകർ. ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനോ നിയന്ത്രിക്കുന്നതിനോ ഉള്ള വ്യവസ്ഥകൾക്കൊപ്പം, നിയമാനുസൃതമായ പോസ്റ്റുകൾ അന്യായമായി നീക്കം ചെയ്യപ്പെട്ടാൽ അവ പുനഃസ്ഥാപിക്കാൻ വ്യക്തമായ അവകാശം ഉപയോക്താക്കൾക്ക് നൽകുന്ന രീതിയിൽ നിയമങ്ങൾ പരിഷ്കരിക്കണമെന്ന ആവശ്യമാണ് നിയമ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ വീഡിയോ മണിക്കൂറുകളോളം നിയന്ത്രിക്കപ്പെട്ടതിനെ തുടർന്ന് മാർക്ക് സക്കർബർഗിനോട് നിരുപാധിക മാപ്പപേക്ഷ ആവശ്യപ്പെടാനും സെക്ഷൻ 79 പ്രകാരമുള്ള ഇന്റർമീഡിയറി പരിരക്ഷ റദ്ദാക്കാൻ ശുപാർശ ചെയ്യാനും പാർലമെന്ററി ഐടി സ്റ്റാൻഡിംഗ് കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാൽ, ഒരു പാർലമെന്ററി സമിതിക്ക് ഇത്തരത്തിൽ നിയമപരമായ പരിരക്ഷ എടുത്തുമാറ്റാനാകില്ലെന്നും, വിഷയം കേവലം ഒരു വ്യക്തിയോട് മാപ്പ് പറയുന്നതിലല്ല മറിച്ച് ചട്ടങ്ങളിലെ പോരായ്മകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നുമാണ് പ്രധാന വാദം.
ഇന്ത്യൻ ഐടി ചട്ടങ്ങൾ പ്രകാരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യുമ്പോൾ കാരണം വ്യക്തമാക്കാനും അപ്പീൽ നൽകാനും വ്യവസ്ഥകളുണ്ടെങ്കിലും, പരാതികൾ തീർപ്പാക്കാൻ നൽകിയിട്ടുള്ള 15 ദിവസത്തെ സമയം രാഷ്ട്രീയ-സാമൂഹിക ചർച്ചകളുടെ സ്വാഭാവിക പ്രസക്തി നഷ്ടപ്പെടുത്തുന്നു. മാത്രമല്ല, സാധാരണക്കാരുടെ രാഷ്ട്രീയ പോസ്റ്റുകൾ വ്യാപകമായി നിയന്ത്രിക്കപ്പെടുമ്പോൾ ലഭിക്കാത്ത ശ്രദ്ധ വിവിഐപി അക്കൗണ്ടുകൾക്ക് മാത്രം നൽകുന്ന തരത്തിലുള്ള 'പ്രത്യേക പരിഗണന' കൊണ്ടുവരുന്നത് പ്രശ്നത്തിനുള്ള യഥാർത്ഥ പരിഹാരമല്ലെന്നും നിരീക്ഷിക്കപ്പെടുന്നു.
ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉപയോക്താവിന്റെ നിയമാനുസൃതമായ ഉള്ളടക്കം തടഞ്ഞാൽ, കൃത്യമായ സമയപരിധിക്കുള്ളിൽ അത് പുനഃസ്ഥാപിക്കാനും, നടപടിയുടെ നിയമപരമായ കാരണം വ്യക്തമാക്കാനും വ്യവസ്ഥ ചെയ്യുന്ന ഭേദഗതികളാണ് അടിയന്തരമായി ആവശ്യമെന്ന് നിയമ വിശകലനത്തിൽ അടിവരയിടുന്നു.
സോഷ്യൽ മീഡിയ ഭീമന്മാർക്ക് മേലുള്ള നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്റർമീഡിയറി മാർഗനിർദേശങ്ങൾ കർശനമാക്കണമെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഒരു രാഷ്ട്രീയ നേതാവിന്റെയോ പ്രമുഖ വ്യക്തിയുടെയോ അക്കൗണ്ടുകളിൽ സംഭവിക്കുന്ന ഇത്തരം സാങ്കേതിക പിഴവുകൾ വലിയ ചർച്ചയാകുമ്പോൾ, സാധാരണ ഉപയോക്താക്കൾക്ക് തങ്ങളുടെ ന്യായമായ പോസ്റ്റുകൾ നീക്കം ചെയ്യപ്പെടുമ്പോൾ ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്നുവെന്ന വിമർശനവും ശക്തമാണ്. അൽഗോരിതങ്ങളുടെയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയോ അപാകതകൾ മൂലം നീക്കം ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങൾ പരിശോധിക്കാൻ സ്വതന്ത്രവും സുതാര്യവുമായ ഒരു അതോറിറ്റിയുടെ മേൽനോട്ടം വേണമെന്നും വിദഗ്ദ്ധർ ആവശ്യപ്പെടുന്നു.
മാത്രമല്ല, ഉപയോക്താക്കൾക്ക് തങ്ങളുടെ ഭാഗം ന്യായീകരിക്കാനും അടിയന്തരമായി ഇടപെടൽ ആവശ്യപ്പെടാനുമുള്ള 'ഫാസ്റ്റ് ട്രാക്ക് പരാതി പരിഹാര സംവിധാനം' നിലവിൽ വരുന്നതിലൂടെ മാത്രമേ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുകയുള്ളൂ. ടെക് കമ്പനികളുടെ സ്വേച്ഛാപരമായ ഉള്ളടക്ക നിയന്ത്രണങ്ങൾക്ക് പകരം, നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് ഉപയോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന സുതാര്യമായ രീതി ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ മുൻകൈയെടുക്കണമെന്നും നിയമ വിശകലനം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

