മെറ്റക്ക് കുരുക്കിട്ട് കേന്ദ്രം: വീണ്ടും ചർച്ച നടത്തി മന്ത്രി അശ്വിനി വൈഷ്ണവ്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് നിയന്ത്രിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ മെറ്റയുടെ ആഗോള നേതൃത്വവുമായി കേന്ദ്ര സർക്കാർ വീണ്ടും വിശദമായ ചർച്ച നടത്തി. ഇന്ത്യയിലെ നിയമങ്ങളും ഭരണഘടനാപരമായ ബാധ്യതകളും കമ്പനി കൃത്യമായി പാലിക്കുന്നുണ്ടോയെന്നതാണ് ചർച്ചയുടെ പ്രധാന വിഷയമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കേന്ദ്ര ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് ആണ് വ്യാഴാഴ്ച മെറ്റയുടെ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് മന്ത്രാലയത്തിലെ സാങ്കേതിക വിദഗ്ധരുമായുള്ള ചർച്ചകളും നടന്നു. മെറ്റയുടെ അൽഗോരിതങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു, നിയമലംഘനങ്ങൾ തടയുന്നതിനുള്ള ആഭ്യന്തര പരിശോധനാ സംവിധാനങ്ങൾ പര്യാപ്തമാണോ, ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ആവശ്യപ്പെടുന്ന സുരക്ഷാ സംവിധാനങ്ങൾ കമ്പനി ഉറപ്പാക്കിയിട്ടുണ്ടോ തുടങ്ങിയ വിഷയങ്ങളിലും സർക്കാർ വിശദീകരണം തേടിയതായാണ് വിവരം.
ജൂലൈ 23ന് വിദ്യാർഥികളെയും യുവാക്കളെയും അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏകദേശം അഞ്ച് മണിക്കൂർ നിയന്ത്രിക്കപ്പെട്ടിരുന്നു. ഇതാണ് വിവാദങ്ങൾക്കിടയാക്കിയത്. ഈ സംഭവവുമായി ബന്ധപ്പെട്ട് മെറ്റയുടെ ആഗോള സംഘത്തെ കേന്ദ്ര സർക്കാർ ചോദ്യം ചെയ്യുന്നത് ഇത് രണ്ടാം തവണയാണ്. മെറ്റയുടെ ആഗോള നയകാര്യ മേധാവി ജോയൽ കാപ്ലനെ കഴിഞ്ഞ ദിവസം വിശദീകരണം നൽകാൻ കേന്ദ്ര സർക്കാർ വിളിച്ചുവരുത്തിയിരുന്നു. മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിന്റെ ഭരണകൂടത്തിൽ വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് (പോളിസി) ഉൾപ്പെടെയുള്ള ചുമതലകൾ വഹിച്ചിരുന്ന കാപ്ലൻ 2011ലാണ് മെറ്റയുടെ ഭാഗമായത്.
ബുധനാഴ്ച കാപ്ലനും സംഘവും ഐ.ടി സെക്രട്ടറി എസ്. കൃഷ്ണനുമായും തുടർന്ന് മന്ത്രി അശ്വിനി വൈഷ്ണവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ബുധനാഴ്ച നടന്ന ചർച്ചയിൽ പ്രധാനമന്ത്രിയുടെ പോസ്റ്റ് താൽക്കാലികമായി നീക്കിയ സംഭവത്തിലും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം, ഡീപ്ഫേക്ക് വിഡിയോകൾ, പണം വാങ്ങി ചില ഉള്ളടക്കങ്ങൾക്ക് കൂടുതൽ പ്രചാരം നൽകുന്ന രീതികൾ തുടങ്ങിയ വിഷയങ്ങളിലുണ്ടായ വീഴ്ചകൾക്കും മെറ്റ ക്ഷമാപണം നടത്തിയതായി സർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടു.
ജോയൽ കാപ്ലൻ പുറത്തിറക്കിയ പ്രസ്താവനയിൽ പ്രധാനമന്ത്രിയുടെ പോസ്റ്റ് നിയന്ത്രിക്കപ്പെട്ടത് ‘പിഴവായിരുന്നുവെന്നും അതിനായി മന്ത്രിയോട് മെറ്റയുടെ പേരിൽ ക്ഷമ ചോദിച്ചുവെന്നും’ വ്യക്തമാക്കിയിരുന്നു. എന്നാൽ, കമ്പനി ചീഫ് എക്സിക്യൂട്ടിവ് മാർക്ക് സക്കർബർഗിന്റെ ഭാഗത്തുനിന്നുമാണ് ക്ഷമാപണം ഉണ്ടായതെന്നാണ് സർക്കാർ വൃത്തങ്ങളുടെ അവകാശവാദം. അതേസമയം, പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കിയ സംഭവത്തിൽ മാർക്ക് സക്കർബർഗ് നേരിട്ട് മാപ്പുപറയണമെന്ന് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

