ഫെഡറലിസം സംരക്ഷിക്കാൻ പോരാട്ടത്തിന് ആഹ്വാനം നൽകി സ്റ്റാലിനും പിണറായിയും
text_fieldsസി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി മധുരയിൽ നടന്ന ‘ഫെഡറലിസം ഇന്ത്യയുടെ കരുത്ത്’ സെമിനാറിനിടെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും സ്വകാര്യ സംഭാഷണത്തിൽ -(പി.ബി. ബിജു)
മധുര: സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാനും ഫെഡറൽ തത്ത്വങ്ങൾ സംരക്ഷിക്കാനും യോജിച്ച പോരാട്ടത്തിന് സംയുക്താഹ്വാനം നൽകി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും. സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്ന ‘ഫെഡറലിസമാണ് ഇന്ത്യയുടെ കരുത്ത്’ സെമിനാറിലായിരുന്നു ഇരുവരുടെയും ആഹ്വാനം.
ഡി.എം.കെയുടെ കൊടിയുടെ പകുതിനിറവും തന്റെ ഉള്ളിലെ പകുതിയും ചുവപ്പാണെന്നും അതാണ് അവകാശ പോരാട്ടത്തിലെ കരുത്തെന്നും സ്റ്റാലിൻ പറഞ്ഞു. പിണറായി വിജയൻ മൂത്ത സഹോദരനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനങ്ങൾക്ക് ഭരണഘടനപരമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ മുഴുവൻ സ്വാതന്ത്ര്യവും ലഭിക്കണമെന്ന് പിണറായി വിജയൻ പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ലോക്സഭ സീറ്റുകളിൽ കുറവു വരുത്താനുള്ള ശ്രമവും പ്രതിരോധിക്കേണ്ടതാണെന്ന് പിണറായി കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ വൈവിധ്യങ്ങൾ സംരക്ഷിക്കാൻ കേരളവും തമിഴ്നാടും കർണാടകയും ഒരുമിച്ച് നിൽക്കണമെന്ന് കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി. സുധാകർ പറഞ്ഞു.
രാജ്യത്ത് ജനാധിപത്യം നിലനിൽക്കണമെങ്കിൽ ഫെഡറലിസം സംരക്ഷിക്കപ്പെടണമെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത് സി.പി.എം പോളിറ്റ് ബ്യൂറോ കോഓഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.