മോദിക്ക് സ്വന്തം മുഖം ജനത്തെ കാണിക്കാനാവില്ലെന്ന് രാഹുൽ ഗാന്ധി; ‘വിപ്ലവത്തിന്റെ മണ്ണിൽ വോട്ടുകൊള്ള നടക്കില്ല’
text_fieldsപട്ന: വോട്ടുകൊള്ളയിൽ മഹാദേവപുരയിൽ കണ്ട ആറ്റം ബോംബിനെക്കാൾ വലിയ ഹൈഡ്രജൻ ബോംബാണ് വരാനിരിക്കുന്നതെന്നും ബി.ജെ.പിക്കാർ തയാറായിരുന്നോളൂ എന്നുമുള്ള രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പോടെ 1300 കിലോമീറ്റർ താണ്ടിയ ബിഹാറിലെ വോട്ടർ അധികാർ യാത്രക്ക് തലസ്ഥാനമായ പട്നയിൽ ഉജ്ജ്വല പരിസമാപ്തി.
ബി.ജെ.പിയുടെ വോട്ട് കൊള്ളയുടെ സത്യം രാജ്യത്തിനൊന്നാകെ മനസ്സിലാകുന്ന ഈ ഹൈഡ്രജൻ ബോംബോടുകൂടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം മുഖം ജനത്തെ കാണിക്കാനാകില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
കൊടും ചൂടിൽ ആർത്തലച്ചു വന്നെത്തിയ പതിനായിരങ്ങൾ രാഹുലിന്റെ മുന്നറിയിപ്പ് നിലക്കാത്ത കരഘോഷങ്ങളോടെയാണ് ഏറ്റുവാങ്ങിയത്. വിപ്ലവത്തിന്റെ മണ്ണിൽനിന്ന് വോട്ടുകൊള്ള നടത്താൻ അനുവദിക്കില്ലെന്ന് രാജ്യത്തിനൊന്നാകെ ശക്തമായ സന്ദേശം നൽകിയ ബിഹാറിലെ ജനങ്ങളെയും സ്ത്രീകളെയും യുവാക്കളെയും താൻ അഭിനന്ദിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
യാത്രക്ക് സംരക്ഷണം നൽകി വഴിയൊരുക്കുന്നതിന് പകരം പ്രതിബന്ധങ്ങൾ തീർത്തും തിക്കും തിരക്കും ഉണ്ടാക്കിയും യാത്രക്കെതിരെ പ്രവർത്തിക്കുകയാണ് സമാധാനപാലന ചുമതലയുള്ള ബിഹാറിലെ പൊലീസ് ചെയ്തതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന് ഖാർഗെ കുറ്റപ്പെടുത്തി. ഇൻഡ്യ സഖ്യത്തിന്റെ സർക്കാർ ബിഹാറിൽ അധികാരത്തിൽ എത്തുമ്പോൾ ഈ പൊലീസ് ഉദ്യോഗസ്ഥരെ വെറുതെ വിടില്ലെന്നും ഖാർഗെ പറഞ്ഞു.
ഉച്ചവെയിലിൽ കത്തി നിൽക്കുന്ന സൂര്യന്റെ കൊടുംചൂടിനെ തോൽപ്പിക്കുംവിധം ജനങ്ങളുടെ ആവേശ ചൂടിലായിരുന്നു രാഹുൽ ഗാന്ധി വോട്ടർ അധികാർ യാത്രക്ക് സമാപനം കുറിച്ചത്. എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനത്ത് പൊലീസിന്റെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് യാത്ര പൊളിക്കാൻ നടത്തിയ നീക്കങ്ങളെല്ലാം മറികടന്നാണ് രാഹുൽ ഗാന്ധി ചരിത്ര യാത്ര വൻ വിജയമാക്കിയത്.
യാത്ര അലങ്കോലമാക്കുന്ന തരത്തിൽ സമാപന ദിവസം പൊലീസ് നടത്തിയ ഇടപെടലുകൾ കണ്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രകോപിതനായി. പൊലീസ് യാത്രയോട് കാണിച്ച ശത്രുതാപരമായ സമീപനത്തെ സമാപന വേദിയിൽ കോൺഗ്രസ് അധ്യക്ഷൻ അതിനിശിതമായി വിമർശിക്കുകയും ചെയ്തു.
11 മണിയോടു കൂടി രാഹുൽ ഗാന്ധി സ്തൂപത്തിൽ എത്തുമ്പോൾ സകല നിയന്ത്രണങ്ങളും വിട്ട് ആയിരക്കണക്കിനാളുകൾ രാഹുലിനെ ഒരു നോക്കു കാണാനായി അവിടെ തടിച്ചുകൂടി. പുഷ്പാർച്ചന കഴിഞ്ഞ് രാഹുലിനും ഖാർഗേക്കും ഇൻഡ്യ മുന്നണി നേതാക്കൾക്കും മുന്നോട്ട് നീങ്ങാനായില്ല.
ബിഹാർ പൊലീസ് യാത്ര അലങ്കോലമാക്കാൻ ശ്രമിക്കുകയാണെന്ന ഇൻഡ്യ സഖ്യത്തിന്റെ ഗുരുതരമായ ആരോപണത്തെ ശരിവെക്കുന്ന തരത്തിൽ ആയിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ നിൽപ്പ്. ലോക്സഭയുടെയും രാജ്യസഭയുടെയും പ്രതിപക്ഷ നേതാക്കളെയും ബീഹാറിലെ പ്രതിപക്ഷ നേതാവിനെയും ഝാർഖണ്ഡ് മുഖ്യമന്ത്രിയെയും സുരക്ഷാ കവചം ഒരുക്കി കൊണ്ടുപോകാൻ പൊലീസ് തയ്യാറായില്ല. ഒടുവിൽ സ്വകാര്യ സുരക്ഷാ ജീവനക്കാർ സുരക്ഷാ വലയം തീർത്താണ് രാഹുലിനെയും ഖാർഗെയെയും പുറത്തെത്തിച്ചത്.
തുടർന്ന് വാഹനത്തിൽ കയറ്റി നേതാക്കളെ റാലിക്കായി റോഡിലെത്തിച്ചിട്ടും ഇവർക്ക് വഴിയൊരുക്കാൻ പൊലീസ് തയാറായില്ല. ഇതുമൂലം ഒരു മണിക്കൂറോളം യാത്ര തടസ്സപ്പെട്ടു. ഇത്തരം പ്രയാസങ്ങൾ തരണം ചെയ്ത് നീങ്ങിയ യാത്ര ലക്ഷ്യസ്ഥാനത്ത് എത്തുന്നതും പൊലീസ് വിലക്കി. തുടർന്നാണ് അംബേദ്കർ പാർക്കിൽ അവസാനിപ്പിക്കേണ്ട റാലി ഡാക് ബംഗ്ലാവ് ക്രോസിങ്ങിൽ നിർത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.