കോൺഗ്രസ് കേരള ഘടകത്തിന്‍റെ ‘ബീഡി’ പരാമർശം രാഷ്ട്രീയ ആയുധമാക്കി മോദി; ‘ബിഹാറിന്‍റെ വികസനം കോൺഗ്രസിനും ആർ.ജെ.ഡിക്കും സഹിക്കുന്നില്ല’
text_fieldsനരേന്ദ്ര മോദി
പൂർണിയ: ബിഹാറിനെ ‘ബീഡി’യോട് ഉപമിച്ച കോൺഗ്രസ് നേതാവിന്‍റെ പരാമർശത്തെ രാഷ്ട്രീയ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിന്‍റെ വികസനം കോൺഗ്രസിനും ആർ.ജെ.ഡിക്ക് സഹിക്കുന്നില്ലെന്ന് മോദി പറഞ്ഞു.
കോൺഗ്രസ് സമൂഹമാധ്യമങ്ങളിലൂടെ ബിഹാറിനെ കളിയാക്കുകയാണ്. അടിസ്ഥാനരഹിതമായ വിമർശനങ്ങൾ ഉന്നയിച്ചാണ് പരിഹാസമെന്നും മോദി ആരോപിച്ചു. പൂർണിയ ബി.ജെ.പി സംഘടിപ്പിച്ച റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചത്.
'ബിഹാറിൽ നിർമിച്ച റെയിൽ എഞ്ചിനുകൾ ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. പക്ഷേ ഇത് കോൺഗ്രസിനും ആർ.ജെ.ഡി നേതാക്കൾക്കും ഇഷ്ടമല്ല. ബിഹാർ പുരോഗതി കൈവരിക്കുമ്പോഴെല്ലാം, ഈ പാർട്ടികൾ സംസ്ഥാനത്തെ അപമാനിക്കുന്ന തിരക്കിലാണ്. ആർ.ജെ.ഡിയുമായി പങ്കാളിത്തമുള്ള കോൺഗ്രസ്, സമൂഹമാധ്യമങ്ങളിലൂടെ ബിഹാറിനെ പരിഹസിക്കുകയും സംസ്ഥാനത്തെ ബീഡിയുമായി താരതമ്യം ചെയ്യുകയും ചെയ്യുന്നു. ഇത്തരക്കാർ ബിഹാറിനെ വെറുക്കുന്നു'- മോദി ചൂണ്ടിക്കാട്ടി.
കോൺഗ്രസും ആർ.ജെ.ഡിയും അവരുടെ കുടുംബങ്ങളെ കുറിച്ച് ആശങ്കയിലാണ്. അവർ ജനങ്ങളുടെ കുടുംബത്തെ കുറിച്ച് ആശങ്കയില്ല. എന്നാൽ, മോദിക്ക് ജനങ്ങളാണ് കുടുംബം. അത് കൊണ്ടാണ് 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന് പറയുന്നത്. ജനങ്ങളുടെ ചെലവിനെ കുറിച്ചും സമ്പാദ്യത്തെ കുറിച്ചും മോദി ശ്രദ്ധാലുവായിരിക്കുമെന്നും മോദി വ്യക്തമാക്കി.
കേന്ദ്ര സർക്കാറിന്റെ ജി.എസ്.ടി പരിഷ്‍കരണത്തിലെ തെരഞ്ഞെടുപ്പ് അജണ്ടയെ വിമർശിച്ച് കോൺഗ്രസിസ് കേരളാ ഘടകം ‘എക്സിൽ’ പങ്കുവെച്ച പോസ്റ്റാണ് വിവാദമായത്. ബിഹാറും ബീഡിയും തുടങ്ങുന്നത് ‘ബി’യിൽ എന്ന് കുറിച്ചു കൊണ്ടാണ് ‘കോൺഗ്രസ് കേരള’ എന്ന പേജിൽ ജി.എസ്.ടി വിഷയത്തിൽ കേന്ദ്രത്തെ വിമർശിച്ചു കൊണ്ട് പോസ്റ്റ് പങ്കുവെച്ചത്. പുകയില ഉൽപന്നമായ ബീഡിയുടെ ജി.എസ്.ടി 28 ശതമാനത്തിൽ നിന്നും 18 ആയി കുറച്ചതായിരുന്നു പരാമർശം. ജി.എസ്.ടി കുറച്ചതിനാൽ ഇനി പാപമായി കണക്കാക്കില്ലെന്നും പോസ്റ്റിൽ കുറിച്ചു.
ബിഹാറിനെ കോൺഗ്രസ് അവഹേളിച്ചുവെന്ന വിധം ബി.ജെ.പി പ്രചാരണം വ്യാപിച്ചതോടെ കോൺഗ്രസ് കേരളാഘടകം പോസ്റ്റിനെ തള്ളിപ്പറയുകയും ക്ഷമാപണം നടത്തുകയും ചെയ്തു. ജി.എസ്.ടിയിലൂടെ മോദിയുടെ തെരഞ്ഞെടുപ്പ് ഗിമ്മിക്ക് സംബന്ധിച്ചുള്ള പോസ്റ്റ് തെറ്റിദ്ധരിച്ചതായും വേദനിച്ചവരോട് ക്ഷമ ചോദിക്കുന്നുവെന്നും ‘കോൺഗ്രസ് കേരള’ എക്സ് പോസ്റ്റ് കുറിച്ചു. ബിഹാറിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ജി.എസ്.ടി പരിഷ്‍കരണവുമായി സർക്കാർ രംഗത്തുവന്നതെന്നാണ് കോൺഗ്രസ് ആരോപണം.
എന്നാൽ, കോൺഗ്രസ് കേരളാ ഘടകത്തിന്റെ ഔദ്യോഗിക പേജിൽ നിന്നുള്ള ‘എക്സ്’ പോസ്റ്റിനെ ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കി രംഗത്തെത്തി. ബിഹാറിനെയും ജനങ്ങളെയും അപമാനിക്കുന്നതിൽ കോൺഗ്രസും ആർ.ജെ.ഡിയും ആനന്ദം കണ്ടെത്തുന്നതായി കേന്ദ്രമന്ത്രി നിത്യാനന്ത റായ് വിമർശനം ഉന്നയിച്ചു. ബിഹാറിനെയും ബിഹാരികളെയും അപമാനികുന്നത് അഭിമാനമായി കണക്കാക്കുന്നവരാണ് കോൺഗ്രസും ആർ.ജെ.ഡിയുമെന്ന് കുറ്റപ്പെടുത്തിയ കേന്ദ്രമന്ത്രി, വിഷയത്തിൽ രാഹുൽ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും പ്രതികരണമെന്താണെന്നും ചോദിച്ചു.
ബിഹാർ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സാമ്രാട്ട് ചൗധരി, ജനതാദൾ യുനൈറ്റഡ് നേതാവ് സഞ്ജയ് കുമാർ ജാ എന്നിവരും പോസ്റ്റിനെതിരെ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ അപമാനിച്ചവർ ഇപ്പോൾബിഹാറിലെ ജനങ്ങളെയും അപമാനിച്ചതായി സാമ്രാട്ട് ചൗധരി ആരോപിച്ചു.
കോൺഗ്രസ് കേരള ഘടകത്തിന്റെ പോസ്റ്റ് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ബിഹാറിലെ ജനങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടാണ് വെളിപ്പെടുത്തുന്നതെന്ന് ബി.ജെ.പി ബിഹാർ പ്രസിഡന്റ് ദിലീപ് ജയ്സ്വാൾ കുറിച്ചു. ബിഹാറിലെ ജനങ്ങളെ ബീഡിയുമായാണോ കോൺഗ്രസ് താരമത്യം ചെയ്യുന്നതെന്ന് വെളിപ്പെടുത്തണമെന്നും പരസ്യ അപമാനത്തിൽ മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു.
ബീഡിയുടെ മാത്രമല്ല, ബുദ്ധിയുടെയും ബജറ്റിന്റെയും തുടക്കം ‘ബി’യിൽ നിന്നാണെന്നും നിങ്ങൾക്കില്ലാത്ത ബുദ്ധിയും പ്രത്യേക പരിഗണന ലഭിക്കുന്ന ബജറ്റും നിങ്ങളെ അസ്വസ്ഥപ്പെടുത്തുമെന്നും സഞ്ജയ് കുമാർജാ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.