മോദിയുടെ വിദ്യാഭ്യാസ യോഗ്യത: വിധി 25ന്
text_fieldsനരേന്ദ്ര മോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് വിവരാവകാശ രേഖ പ്രകാരം നൽകിയ അപേക്ഷയിൽ ഡൽഹി ഹൈകോടതി തിങ്കളാഴ്ച വിധി പറയും. ജസ്റ്റിസ് സച്ചിൻ ദത്ത അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആഗസ്റ്റ് 20ന് വിധി പറയാൻ നിശ്ചയിച്ചെങ്കിലും അന്ന് ലീവ് ആയതിനാൽ തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തണമെന്ന കേന്ദ്ര വിവരാവകാശ കമീഷന്റെ ഉത്തരവിനെതിരെ ഡൽഹി സർവകലാശാല നൽകിയ ഹരജിയിലാണ് വിധി പുറപ്പെടുവിപ്പിക്കാനൊരുങ്ങിയത്. 1978ൽ ഗുജറാത്ത് സർവകലാശാലയിൽനിന്ന് ബിരുദവും 1983ൽ ഡൽഹി സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി എന്നാണ് മോദിയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഉള്ളത്. മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് നീരജ് ശർമ എന്നയാൾ നൽകിയ വിവരാവകാശ അപേക്ഷ ഡൽഹി സർവകലാശാല തള്ളിയതിനെ തുടർന്ന് കേന്ദ്ര വിവരാവകാശ കമീഷണർക്ക് അപ്പീൽ നൽകി. തുടർന്ന് വിവരം പുറത്തുവിടാൻ കമീഷണർ ഉത്തരവിട്ടു.
ഡൽഹി സർവകലാശാല വിവരാവകാശ നിയമത്തിന്റെ പരിധിയിലാണെന്നും ഇതുവരെ നൽകിയ ബിരുദത്തിന്റെ വിവരങ്ങൾ സ്വകാര്യ വിവരങ്ങൾ അല്ലെന്നും വിവരാവകാശ നിയമപ്രകാരം നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണം എന്നുമാണ് എതിർ ഹരജിക്കാരുടെ വാദം.
പ്രധാനമന്ത്രിയുടെ ബിരുദം കോടതിയെ കാണിക്കാമെന്നും അപരിചിതരെ കാണിക്കാനാകില്ലെന്നായിരുന്നു ഡൽഹി സർവകലാശാല ഹൈകോടതിയിൽ അറിയിച്ചത്. ഹരജിയിൽ ഫെബ്രുവരിയിൽ വാദം പൂർത്തിയാക്കിയിരുന്നു. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദശാംശങ്ങൾ മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കൈമാറണമെന്ന ഉത്തരവ് ഗുജറാത്ത് ഹൈകോടതി 2023ൽ റദ്ദാക്കിയിരുന്നു. കേന്ദ്ര വിവരാവകാശ കമീഷൻ 2016ൽ ഗുജറാത്ത് സർവകലാശാലക്ക് നൽകിയ നിർദേശമാണ് കോടതി റദ്ദാക്കിയത്. കെജ്രിവാളിന് 25,000 രൂപ പിഴയും ചുമത്തുകയുണ്ടായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.