മോദിയുടെ മണിപ്പൂർ സന്ദർശനം: ഒരുക്കം തകൃതി
text_fieldsനരേന്ദ്ര മോദി
ഇംഫാൽ: കലാപവും വംശീയാക്രമണവും ആളിക്കത്തിയ മണിപ്പൂരിലേക്ക് രണ്ട് വർഷത്തിനുശേഷം എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ ഒരുക്കം തകൃതി. 13നാണ് മോദി തലസ്ഥാനമായ ഇംഫാലിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. നഗരത്തിലെ വിഖ്യാതമായ കൻഗ്ല ഫോർട്ടിൽ പ്രത്യേക സ്റ്റേജ് തയാറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ സൗന്ദര്യവത്കരണ ജോലികളും നടക്കുന്നുണ്ട്.
കൻഗ്ല ഫോർട്ടിൽ 15,000 പേർക്കിരിക്കാവുന്ന സദസ്സാണ് ഒരുക്കുന്നത്. സ്റ്റേജ് നിർമാണത്തിനും മറ്റുമായി 100 തൊഴിലാളികളെ ഏർപ്പാടാക്കിയിട്ടുണ്ട്. ചടങ്ങിനെത്തുന്നവർക്ക് പ്രത്യേക രജിസ്ട്രേഷൻ ഏർപ്പെടുത്തുന്നുണ്ട്. ഇംഫാലിൽനിന്ന് ഫോർട്ടിലേക്കുള്ള ഏഴ് കിലോമീറ്റർ റോഡാണ് അലങ്കരിക്കുന്നത്.
2027 വരെ സർക്കാറിന് കാലാവധിയുണ്ടായിട്ടും മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചതിനാൽ ഇപ്പോൾ രാഷ്ട്രപതി ഭരണത്തിലാണ് മണിപ്പൂർ. 2023 മേയിൽ തുടങ്ങിയ മെയ്തേയ്-കുക്കി സംഘർഷത്തിൽ ഇതുവരെ 260 ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. വലിയ കലാപം അരങ്ങേറിയിട്ടും പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാത്തതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെയാണ് കഴിഞ്ഞയാഴ്ച മോദിയുടെ സന്ദർശന വാർത്ത പുറത്തുവന്നത്.
പ്രബല കുക്കി സംഘടനകളായ കുക്കി നാഷനൽ ഓർഗനൈസേഷനും (കെ.എൻ.ഒ) യുനൈറ്റഡ് പീപ്പിൾസ് ഫ്രന്റും (യു.പി.എഫ്) കേന്ദ്ര സർക്കാറുമായി സമാധാന കരാറിലെത്തിയതിന് പിന്നാലെയായിരുന്നു അത്. സംഘർഷത്തെ തുടർന്ന് അടച്ച ദേശീയ പാത-2 തുറക്കാനുള്ള നിർദേശം കുക്കികൾ അംഗീകരിച്ചു. അവശ്യ സാധനങ്ങളുടെയും മറ്റും സുഗമമായ നീക്കത്തിനും അതുവഴി സമാധാനത്തിനും ഇത് വഴി തുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, ദേശീയ പാത തുറക്കാൻ സമ്മതിച്ചത് ഇരു വിഭാഗങ്ങളുടെയും ബഫർസോണിൽനിന്ന് പരസ്പരമുള്ള അനിയന്ത്രിത യാത്രക്കുള്ളതാണെന്ന ആഖ്യാനം തെറ്റിദ്ധാരണജനകമാണെന്ന് കുക്കികളുടെ സംഘടന സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. സമയബന്ധിതമായി ത്രികക്ഷി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന ആവശ്യം അവർ ആവർത്തിക്കുകയും ചെയ്തു. കുക്കികളുമായി കേന്ദ്ര സർക്കാർ ധാരണയിലെത്തിയതിനെ മെയ്തേയ് വിഭാഗം സ്വാഗതം ചെയ്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.