നിമിഷപ്രിയയുടെ പേരില്‍ പണപ്പിരിവ്; കെ.എ. പോളിന്‍റെ പ്രചാരണം വ്യാജമെന്ന് വിദേശകാര്യ മന്ത്രാലയം
text_fieldsന്യൂഡൽഹി: വധശിക്ഷ വിധിക്കപ്പെട്ട് യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി എട്ട് കോടി രൂപ വേണമെന്നാവശ്യപ്പെട്ടുള്ള പണപ്പിരിവ് വ്യാജമാണെന്ന് അറിയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. നിമിഷപ്രിയയുടെ മോചനത്തിനായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു എന്നവകാശപ്പെടുന്ന കെ.എ. പോളിന്‍റെ പ്രചാരണം വ്യാജമാണെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
മാത്രമല്ല, മോചനത്തിന്‍റെ പേരില്‍ ഇയാൾ നടത്തുന്ന പണപ്പിരിവിനെതിരെ വിദേശകാര്യമന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് വിഭാഗം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. നിമിഷ പ്രിയ കേസില്‍ സാമ്പത്തിക സംഭാവനകള്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് വ്യാജ അവകാശവാദമാണെന്നും ഫാക്ട് ചെക്ക് വിഭാഗത്തിന്റെ എക്‌സ് പോസ്റ്റില്‍ പറയുന്നു.
എക്സിലൂടെയാണ് സുവിശേഷകനും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ ഡോ. കെ.എ. പോള്‍ പണപ്പിരിവ് ആവശ്യപ്പെട്ട് രംഗത്തുവന്നത്. നിമിഷ പ്രിയയുടെ മോചനത്തിന് 8.3 കോടി രൂപ ആവശ്യമുണ്ടെന്നും ഇതിനായി ഇന്ത്യൻ സർക്കാറിന്‍റെ അക്കൗണ്ടിലേക്ക് പണം അയക്കണമെന്നുമാണ് പോസ്റ്റർ സഹിതം പ്രചരിപ്പിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് അവകാശപ്പെട്ട് മുമ്പ് കെ.എ. പോള്‍ വീഡിയോ പങ്കുവെച്ചിരുന്നു.
ഇന്നലെ, നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതോടെ ഞങ്ങളുടെ ദൗത്യം കഴിഞ്ഞെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ വ്യക്തമാക്കിയിരുന്നു. ഇനി ആവശ്യമായ കാര്യങ്ങൾ ചെയ്യേണ്ടത് സർക്കാറാണെന്നും സർക്കാർ അത് ചെയ്യുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.