കൈകോർത്ത് ഇന്ത്യ,ബ്രിട്ടൻ; പ്രതിരോധ, വ്യാപാര മേഖലയിൽ കൂടുതൽ സഹകരണം
text_fieldsന്യൂഡൽഹി: പ്രതിരോധ, വ്യാപാര മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇന്ത്യയും ബ്രിട്ടനും ധാരണയായി. ദ്വിദിന സന്ദർശനത്തിന് എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. നിർണായകമായ സ്വതന്ത്ര വ്യാപാര കരാറിന് വർഷാവസാനത്തോടെ അന്തിമരൂപം നൽകാനും ഇരുനേതാക്കളും ധാരണയിലെത്തി. ചർച്ചയുടെ വിശദാംശങ്ങൾ ഇരുനേതാക്കളും സംയുക്ത വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
ഇന്ത്യയുമായുള്ള പ്രതിരോധ ഇടപാടുകളിലെ ഉദ്യോഗസ്ഥ ഇടപെടലുകൾ കുറക്കാനും കൈമാറ്റത്തിലെ സമയനഷ്ടം ഒഴിവാക്കാനും ഓപൺ ജനറൽ എക്സ്‍പോർട് ലൈസൻസ് (ഒ.ജി.ഇ.എൽ) സംവിധാനം കൊണ്ടുവരുമെന്ന് ചർച്ചകൾക്കുശേഷം ബോറിസ് ജോൺസൺ അറിയിച്ചു. കരയിലും കടലിലും ആകാശത്തും സൈബർ രംഗത്തും ഉരുത്തിരിഞ്ഞുവരുന്ന പുതിയ വെല്ലുവിളികൾ സംയുക്തമായി നേരിടും. യുദ്ധവിമാന സാങ്കേതികവിദ്യ വികസനത്തിലും ഇന്ത്യയുമായി സഹകരിക്കും. സ്വതന്ത്ര വ്യാപാര കരാറിന് ഇരുപക്ഷത്തുനിന്നും കൂടുതൽ ചർച്ചകൾ വേണ്ടതുണ്ട്. ഒക്ടോബറിൽ ദീപാവലിക്കു മുമ്പായി കരാറിൽ ഒപ്പിടാനാകും -ജോൺസൺ കൂട്ടിച്ചേർത്തു.
സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളിൽ നല്ല പുരോഗതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വർഷാവസാനത്തോടെ ധാരണയിലെത്താനാകുമെന്ന പ്രതീക്ഷ പങ്കുവെച്ചു. ഏതാനും മാസങ്ങളിൽ യു.എ.ഇയുമായും ആസ്ട്രേലിയയുമായും സമാന കരാറുകൾ ഒപ്പിടാനായിരുന്നു.
അതേ വേഗത്തിൽ, അതേ നിശ്ചയദാർഢ്യത്തോടെ യു.കെയുമായുള്ള കരാറും പൂർത്തിയാക്കും. പ്രതിരോധ രംഗത്തെ സഹകരണം വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ മേഖലയിലെ നിർമാണ, വികസന, സാങ്കേതിക വിദ്യ രംഗങ്ങളിൽ 'സ്വയം പര്യാപ്ത ഇന്ത്യ'ക്ക് യു.കെ നൽകുന്ന പിന്തുണയെ സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.യുക്രെയ്നിൽ അടിയന്തരമായി വെടിനിർത്തൽ വേണം. ചർച്ചകളിലൂടെ വേണം പ്രശ്നം പരിഹരിക്കേണ്ടത്.
എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും അതിർത്തികളും മാനിക്കപ്പെടണം. സമാധാനവും സ്ഥിരതയുമുള്ള അഫ്ഗാനിസ്താനും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സർക്കാറിനെയും പിന്തുണക്കും. മറ്റ് രാജ്യങ്ങൾക്ക് ഭീകരത വളർത്താനുള്ള ഇടമായി അഫ്ഗാനിസ്താൻ ഉപയോഗിക്കപ്പെടാൻ പാടില്ല -നരേന്ദ്ര മോദി വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസം, പുനരുപയുക്ത ഊർജം തുടങ്ങിയ വിഷയങ്ങളിലും ചർച്ച ഉണ്ടായി. മനോഹരമായ ചർച്ചയാണ് നടന്നതെന്ന് സൂചിപ്പിച്ച ബോറിസ് ജോൺസൺ ഈ കാലത്തെ അതിനിർണായക സൗഹൃദമാണ് ഇന്ത്യയുടെയും ബ്രിട്ടന്റേതുമെന്ന് കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.