അടുത്തിടെ വാങ്ങിയ സ്ഥലം സഹോദരിക്ക് നൽകിയതിനെച്ചൊല്ലി തർക്കം; പത്ത് തവണ കുത്തി, മുൻ ഡി.ജി.പി പിടഞ്ഞുമരിക്കുന്നത് ഭാര്യയും മകളും നോക്കിനിന്നു
text_fieldsബംഗളൂരു: കർണാടകയിലെ റിട്ട. ഡി.ജി.പി ഓം പ്രകാശിനെ കൊലപ്പെടുത്താൻ കാരണം സ്വന്തം സഹോദരിക്ക് സ്വത്ത് നൽകിയതാണെന്ന് പൊലീസ്. കേസിൽ കസ്റ്റഡിയിലായ ഭാര്യയുടെ മൊഴിയുടെ വിവരങ്ങൾ പുറത്ത്. കസ്റ്റഡിയിലുള്ള ഭാര്യയെയും മകളെയും ചോദ്യം ചെയ്തതിൽനിന്ന് കൊലപാതകത്തിന്‍റെ വിവരങ്ങൾ പുറത്തുവന്നു.
അടുത്തിടെ ഓം പ്രകാശ് വാങ്ങിയ സ്ഥലം സഹോദരിയുടെ പേരിൽ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനെച്ചൊല്ലി നിരന്തരം വീട്ടിൽ വഴക്കുണ്ടായിരുന്നു. വഴക്കിനിടെ ഭാര്യ പല്ലവി ഓം പ്രകാശിനെ കുത്തി വീഴ്ത്തുകയായിരുന്നു. വയറിലും നെഞ്ചിലും ആഴത്തിലുള്ള പത്ത് മുറിവുകളുണ്ട്. നിലത്തുവീണ ഓം പ്രകാശ് പിടഞ്ഞു മരിക്കുന്നത് വരെ ഭാര്യ നോക്കി നിന്നു. ഈ സമയം വീട്ടിലുണ്ടായ മകളും ഓം പ്രകാശിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചില്ല എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഈസ്റ്റർ ദിനത്തിലാണ് ബംഗളൂരു നഗരത്തെ ഞെട്ടിച്ച് 68കാരനായ മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതക വാർത്ത പുറത്തുവന്നത്. ഓം പ്രകാശിനെ (68) ബംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിലെ വീട്ടിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൂന്നു നിലയുള്ള വീട്ടിലെ താഴെ നിലയിൽ പരിക്കുകളോടെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
ഓം പ്രകാശ് എന്നും തന്നോട് വഴക്കിടാറുണ്ടെന്നും തന്നെ ആക്രമിച്ചപ്പോൾ സ്വയരക്ഷക്കായി കത്തിയെടുത്ത് കുത്തുകയായിരുന്നെന്നുമാണ് ഭാര്യ ആദ്യം പറഞ്ഞിരുന്നത്.
1981 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് ബിഹാർ ചമ്പാരൻ സ്വദേശിയാണ്. 2015ലാണ് ഡി.ജി.പിയായി ചുമതലയേറ്റത്.
മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.