വഖഫ് ബില്ലിനെതിരെ കൂടുതൽ ഹരജികൾ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകിയ വിവാദ വഖഫ് നിയമം ഭരണഘടനവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കൂടുതൽ ഹരജികൾ സുപ്രീംകോടതിയിൽ. സമസ്ത കേരള ജംഇയ്യതുൽ ഉലമ, ജംഇയ്യതുൽ ഉലമായെ ഹിന്ദ് എന്നിവർകൂടി ഞായറാഴ്ച സുപ്രീംകോടതിയിലെത്തി.
ലോക്സഭ വ്യാഴാഴ്ച പുലർച്ചയും രാജ്യസഭ വെള്ളിയാഴ്ച പുലർച്ചയും പാസാക്കിയ ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പിട്ട് ശനിയാഴ്ച അർധരാത്രിയാണ് അംഗീകാരം നൽകിയത്. രാഷ്ട്രപതി ഒപ്പിടുന്നതിന് മുമ്പെ കോൺഗ്രസ് വിപ്പ് മുഹമ്മദ് ജാവേദ്, ആം ആദ്മി പാർട്ടി എം.എൽ.എ അമാനതുല്ലാ ഖാൻ, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി എന്നിവരും മനുഷ്യാവകാശ സംഘടനയായ എ.പി.സി.ആറും സുപ്രീംകോടതിയിലെത്തിയിരുന്നു.
രാഷ്ട്രപതി ഒപ്പിട്ടതിന് പിന്നാലെ കേരളത്തിൽനിന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ സുപ്രീംകോടതി അഭിഭാഷകൻ സുൽഫീക്കർ അലി മുഖേനയാണ് ഹരജി ഫയൽ ചെയ്തത്. വഖഫ് സ്വത്തുക്കൾ സർക്കാർ സ്വത്താക്കിമാറ്റാനാണ് നിയമം കൊണ്ടുവന്നതെന്നും വഖഫ് നിയമഭേദഗതി വഖഫ് ബോർഡുകളെ ദുർബലപ്പെടുത്തുമെന്നും സമസ്ത ഹരജിയിൽ ചൂണ്ടിക്കാട്ടി.
ദേശീയതലത്തിൽ ജംഇയ്യതുൽ ഉലമായെ ഹിന്ദും സുപ്രീംകോടതിയിലെത്തി. രാഷ്ട്രീയ ജനതാദൾ രാജ്യസഭാ എം.പി മനോജ് ഝായും പാർട്ടി നേതാവ് ഫയാസ് അഹ്മദും ചേർന്ന് ഇന്ന് സുപ്രീംകോടതിയിൽ ഹരജി നൽകും. ഡി.എം.കെയും സുപ്രിംകോടതിയെ സമീപിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.