ഇ.ഡിക്ക് കൂടുതൽ അധികാരം; സുപ്രീംകോടതി വിധിക്കെതിരെ 17 പാർട്ടികൾ
text_fieldsന്യൂഡൽഹി: കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൂടുതൽ അധികാരം നൽകിയ കള്ളപ്പണ നിരോധന നിയമഭേദഗതി ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ 17 പ്രതിപക്ഷ പാർട്ടികൾ.
അപകടകരമാണ് ഏതാനും ദിവസം മുമ്പുണ്ടായ കോടതിവിധിയെന്ന് സംയുക്ത പ്രസ്താവനയിൽ പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി. കോടതിവിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകുമെന്ന് ഏതാനും പാർട്ടികൾ നേരത്തെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, ആം ആദ്മി പാർട്ടി, സി.പി.എം, സി.പി.ഐ, മുസ്‍ലിംലീഗ്, ആർ.എസ്.പി, കേരള കോൺഗ്രസ്, എൻ.സി.പി, ആർ.ജെ.ഡി, ശിവസേന തുടങ്ങിയ പാർട്ടികളുടെ നേതാക്കളാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.
സുപ്രീംകോടതി വിധി ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണെന്ന് സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ധനനിയമത്തിന്റെ രൂപത്തിൽ നിയമഭേദഗതി കൊണ്ടുവന്നത് ചോദ്യം ചെയ്യുന്ന ഹരജികൾ ഭാവിയിൽ സുപ്രീംകോടതി ശരിവെച്ചാൽ ഇപ്പോഴത്തെ വിധി അപ്രസക്തമാകും.
പരമോന്നത കോടതിയോട് അങ്ങേയറ്റം ആദരമുണ്ട്. ധനനിയമ മാർഗം സ്വീകരിച്ചതിന്റെ ഭരണഘടന സാധുത പരിഗണിക്കുന്ന വിശാല ബെഞ്ചിന്റെ വിധി വരുന്നതുവരെ കോടതി കാത്തിരിക്കേണ്ടിയിരുന്നു. രാഷ്ട്രീയമായ പകപോക്കലിന് നിയമ ദുരുപയോഗം നടത്തുന്ന സർക്കാറിന്റെ കരങ്ങൾക്ക് ശക്തിപകരുകയാണ് സുപ്രീംകോടതി വിധി ചെയ്തത്. അപകടകരമായ വിധിക്ക് ആയുസ്സില്ലെന്നും ഭരണഘടനാ വ്യവസ്ഥകൾ വൈകാതെ ജയം നേടുമെന്നും പ്രതീക്ഷിക്കുന്നതായി പ്രസ്താവനയിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.