ഡൽഹിയിൽ 20ലേറെ സ്കൂളുകൾക്ക് ബോംബ് ഭീഷണി; തിരച്ചിൽ നടത്തി പൊലീസും അഗ്നിരക്ഷാ സേനയും
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പരിഭ്രാന്തി സൃഷ്ടിച്ച് 20ലേറെ സ്കൂളുകൾക്ക് ബോംബ് ഭീഷണി മുഴക്കി വീണ്ടും ഇ-മെയിൽ സന്ദേശം ലഭിച്ചു. ഏതാനും ദിവസങ്ങളായി ഇത്തരം സന്ദേശം പതിവാണെന്ന് പൊലീസ് അറിയിച്ചു. പശ്ചിംവിഹാറിലെ റിച്ച്മോണ്ട് ഗ്ലോബൽ സ്കൂൾ, രോഹിണി സെക്ടറിലെ അഭിനവ് പബ്ലിക് സ്കൂൾ എന്നിവക്ക് ഉൾപ്പെടെയാണ് ബോംബ് ഭീഷണി. സന്ദേശം ലഭിച്ചതിനു പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല.
ഭീഷണി സ്ഥിരീകരിച്ച ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു. ‘‘ഡൽഹിയിലെ പശ്ചിം വിഹാറിലുള്ള റിച്ച്മോൺഡ് ഗ്ലോബൽ സ്കൂളിന് ബോംബ് ഭീഷണി ലഭിച്ചു. അഗ്നിശമന സേനയും ഡൽഹി പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.’’– ഡൽഹി അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ഡൽഹിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നേരെ ബോംബ് ഭീഷണി ഉയർന്നിരുന്നു.
ഇക്കഴിഞ്ഞ 14, 15, 16 തീയതികളിൽ 11 സ്കൂളുകളും ഒരു കോളജും ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി സന്ദേശമെത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ സർക്കാറിന്‍റെ പിടിപ്പുകേടാണെന്നും കുട്ടികൾക്ക് സുരക്ഷയൊരുക്കാനാകാത്തത് അംഗീകരിക്കാനാകില്ലെന്നും മുൻ വിദ്യാഭ്യാസ മന്ത്രികൂടിയായ അതിഷി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.