കന്യാസ്ത്രീകൾക്കെതിരായ കേസ്; പാർലമെന്റിന് പുറത്ത് എം.പിമാരുടെ പ്രതിഷേധം
text_fieldsന്യൂഡൽഹി: മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകൾക്കെതിരെ ഛത്തിസ്ഗഢ് സർക്കാർ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് മന്ദിരത്തിന് പുറത്ത് യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനു മുമ്പ് പ്രധാന കവാടത്തിന് സമീപം നടന്ന പ്രതിഷേധത്തിൽ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, ഇ.ടി. മുഹമ്മദ് ബഷീർ, എൻ.കെ. പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, ആന്റോ ആന്റണി, എം.കെ. രാഘവൻ, ബെന്നി ബഹനാൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഹാരിസ് ബീരാൻ, വി.കെ. ശ്രീകണ്ഠൻ, അടൂർ പ്രകാശ്, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, ജെബി മേത്തർ എന്നിവർ പങ്കെടുത്തു.
കന്യാസ്ത്രീകളെയും യുവതികളെയും ആക്രമിച്ച ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കന്യാസ്ത്രീകള്‍ക്കെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തിയ വ്യാജ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കും ഛത്തിസ്ഗഢ് മുഖ്യമന്ത്രിക്കും കത്തുനല്‍കി.
ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ഛത്തിസ്ഗഢ് സി.പി.ഐ വ്യക്തമാക്കിയിരുന്നു. കേസിൽ നിയമവിരുദ്ധമായ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. അഞ്ച് പൊലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങിയിട്ടാണ് പരാതി സ്വീകരിച്ചത്. ബുധനാഴ്ച നാരായൺപൂരിൽ സി.പി.ഐ പ്രതിഷേധ ധർണയും പ്രഖ്യാപിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.