പേപ്പർ കീറിയെറിഞ്ഞ് എം.പിമാർ; വോട്ട് വിലക്കിൽ സഭ സ്തംഭനം തുടരുന്നു
text_fieldsമിൻത ദേവിയുടെ ചിത്രം ആലേഖനം ചെയ്ത ടീഷർട്ടുമണിഞ്ഞ് കോൺഗ്രസ് എം.പിമാർ പ്രതിഷേധിക്കുന്നു
ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിൽ പ്രത്യേക ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് സ്തംഭനം തുടരുന്നു. വീട്ടിൽനിന്ന് നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ അലഹബാദ് ഹൈകോടതി ജഡ്ജി യശ്വന്ത് വർമയെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പട്ട പ്രമേയം അവതരിപ്പിച്ചപ്പോൾ മാത്രമാണ് ലോക്സഭയിൽ പ്രതിപക്ഷം സഹകരിച്ചത്.
ബഹളത്തെ തുടർന്ന് നിരവധി തവണ സഭ പിരിഞ്ഞു. വൈകീട്ട് നാലരക്ക് വീണ്ടും ചേർന്ന് മൈനിങ് ബിൽ അവതരിപ്പിക്കുന്നതിനിടെ സഭ നടപടികൾ നീണ്ടുപോയപ്പോൾ പ്രതിപക്ഷ എം.പിമാർ ചെയറിന് നേരെ പേപ്പർ കീറിയെറിഞ്ഞത് വാക്കേറ്റത്തിനിടയാക്കി. സഭയെ അവഹേളിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു കുറ്റപ്പെടുത്തി. പ്രതിപക്ഷം ഇറങ്ങിപ്പോയതോടെ ഉച്ചക്കുശേഷം രാജ്യസഭ നടപടികൾ തടസ്സമില്ലാതെ നടന്നു.
ആഗസ്റ്റ് ഒന്നിന് തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച ബിഹാർ കരട് വോട്ടർ പട്ടികയിലുള്ള 124 വയസ്സുകാരി മിൻത ദേവിയുടെ ചിത്രവും നോട്ടൗട്ട് എന്നും ആലേഖനം ചെയ്ത ടീഷർട്ടുമണിഞ്ഞായിരുന്നു കോൺഗ്രസ് അംഗങ്ങൾ ചൊവ്വാഴ്ച പാർലമെന്റിലെത്തിയത്. ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ് പ്രകാരം ലോകത്ത് ഏറ്റവും പ്രായംകൂടിയ വ്യക്തി 115 വയസ്സുള്ള യു.കെ സ്വദേശിയാണെന്നും എന്നാൽ, ബിഹാറിൽ തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർ പട്ടിക പ്രകാരം സിവാനി മണ്ഡലത്തിലെ മിൻത ദേവിക്ക് 124 വയസ്സാണെന്നും കോൺഗ്രസ് നേതാക്കൾ പരിഹസിച്ചു.
മിൻത ദേവിയെ പോലുള്ള പരിധിയില്ലാത്ത കേസുകളുണ്ടെന്നും വോട്ട് കൊള്ളയുടെ ശരിയായ ചിത്രം വരാനിരിക്കുന്നതേയുള്ളൂവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പിശകുമൂലം പ്രായം മാറിയതെന്നാണ് തെഞ്ഞെടുപ്പ് കമീഷൻ പറയുന്നത്. മിൻത ദേവി എന്ന വോട്ടർ ഉണ്ടെന്നും ശരിയായ പ്രായം 35 ആണെന്നും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. അതേസമയം, ബിഹാറിലെ ബാഗൽപുരിൽ 120 വയസ്സുള്ള ആശ ദേവി, ഗോപാൽഗഞ്ചിൽ 119 വയസ്സുള്ള മനുതരിയ ദേവി എന്നിവരുടെ പേരുകളും വോട്ടർപട്ടികയിൽ ഉൾപ്പെട്ട ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.