മുംബൈയിൽ ബുൾഡോസർ രാജ്: ബാന്ദ്രയിൽ പള്ളി തകർത്തു; പ്രതിഷേധകാർക്ക് നേരെ ലാത്തിച്ചാർജ്
text_fieldsമുംബൈ: മുംബൈ ബാന്ദ്ര ഈസ്റ്റിലെ ഗരീബ് നഗർ ചേരി പ്രദേശത്ത് പള്ളിയും പരിസരത്തെ നൂറുകണക്കിന് വീടുകളും റെയിൽവേ അധികൃതർ പൊളിച്ചുനീക്കിയതിനെത്തുടർന്ന് വൻ സംഘർഷം. ബോംബെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ചയാണ് വൻതോതിലുള്ള കൈയേറ്റമൊഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. ബാന്ദ്ര റെയിൽവേ സ്റ്റേഷന്റെ കിഴക്ക് ഭാഗത്തുള്ള 500ഓളം അനധികൃത കുടിലുകളാണ് അധികൃതർ ഇടിച്ച് നിരത്തിയത്. നിലവിൽ 60 ശതമാനത്തോളം അനധികൃത നിർമാണങ്ങളും നീക്കം ചെയ്തതായി പശ്ചിമ റെയിൽവേ ചീഫ് പി.ആർ.ഒ വിനീത് അഭിഷേക് അറിയിച്ചു.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്), ഗവൺമെന്റ് റെയിൽവേ പൊലീസ് (ജി.ആർ.പി) എന്നിവർക്ക് പുറമെ നഗരത്തിലെ 400 ഓളം പൊലീസുകാർ ഉൾപ്പെടെ ആയിരത്തിലധികം സുരക്ഷ ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിരുന്നത്.
ബുധനാഴ്ച റെയിൽവേ ഭൂമി കൈയേറി നിർമിച്ചതാണെന്ന് ആരോപിച്ച് പ്രദേശത്തെ മൂന്ന് നിലകളുള്ള പള്ളിക്ക് നേരെ അധികൃതർ നടപടി തുടങ്ങിയതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. പള്ളിയും അതിനോട് ചേർന്നുള്ള മറ്റ് ഘടനകളും അധികൃതർ പൊളിച്ചുനീക്കുകയായിരുന്നു.
മുൻകൂട്ടി നോട്ടീസോ അറിയിപ്പോ നൽകാതെയാണ് അധികൃതർ നടപടിയെടുത്തതെന്ന് ആരോപിച്ച് വൻതോതിൽ മുസ്ലിം ജനവിഭാഗങ്ങൾ സംഭവസ്ഥലത്ത് തടിച്ചുകൂടി പ്രതിഷേധിച്ചു. തുടർന്ന് പ്രതിഷേധക്കാർക്ക് നേരെ മുംബൈ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. സ്ത്രീകൾക്ക് നേരെയും അതിക്രമമുണ്ടായി. നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ കല്ലേറിനെ തുടർന്നാണ് നടപടിയുണ്ടായതെന്ന് നിർമൽ നഗർ പൊലീസ് ഇൻസ്പെക്ടർ രമേശ് വാഗ് അവകാശപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ അറസ്റ്റ് ചെയ്തു.
അതേസമയം, പ്രായമായവരെപ്പോലും പൊലീസ് വെറുതെ വിട്ടില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. മുതിർന്ന ഒരു സ്ത്രീയുടെ തലക്ക് അടിക്കുന്ന ദൃശ്യങ്ങൾ പൊലീസിന്റെ ക്രൂരതക്കും മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനും തെളിവാണെന്നും പ്രതിഷേധക്കാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

