വഖഫ് സംരക്ഷണത്തിനായി തെരുവിലിറങ്ങി മുസ്ലിം സംഘടനകൾ
text_fieldsവഖഫ് ഭേദഗതി ബില്ലിനെതിരെ അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡ് ഡൽഹി ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധം
ന്യൂഡൽഹി: വഖഫ് സംരക്ഷണത്തിനായി തെരുവിലിറങ്ങിയ മുസ്ലിം സംഘടനകൾക്ക് ഐക്യദാർഢ്യവുമായി പ്രതിപക്ഷ നേതാക്കൾ. അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡിന് കീഴിൽ മുസ്ലിം സംഘടനകൾ തിങ്കളാഴ്ച ഡൽഹിയിൽ നടത്തിയ വൻ പ്രതിഷേധം വഖഫ് ബിൽ പാസാക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാറിനും എൻ.ഡി.എ ഘടക കക്ഷികളായ തെലുഗുദേശത്തിനും ജനതാദൾ യുവിനുമുള്ള മുന്നറിയിപ്പായി.
സ്ത്രീകളടക്കം ആയിരങ്ങൾ പങ്കെടുത്തു. കോൺഗ്രസ്, ഡി.എം.കെ, സി.പി.എം, സി.പി.ഐ, മുസ്ലിം ലീഗ്, എൻ.സി.പി, ആർ.ജെ.ഡി, സമാജ്വാദി പാർട്ടി, ആം ആദ്മി പാർട്ടി, എ.ഐ.എം.ഐ.എം, ജെ.എം.എം, ശിവസേന, തൃണമൂൽ കോൺഗ്രസ്, ബിജു ജനതാദൾ തുടങ്ങിയ പാർട്ടികളുടെ മുതിർന്ന നേതാക്കളും എം.പിമാരും പ്രതിഷേധത്തിൽ അണിനിരന്നു.
ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ബിൽ അടിച്ചേൽപിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നതെന്നും പ്രതിഷേധിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡ് ജനറൽ സെക്രട്ടറി ഫസലുർറഹീം മുജദ്ദിദി പറഞ്ഞു. വഖഫിനായുള്ള മുസ്ലിംകളുടെ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരെ കൂടെയുണ്ടാകുമെന്ന് സമാജ്വാദി പാർട്ടി ലോക്സഭാ ഉപനേതാവും അഅ്സംഗഢ് എം.പിയുമായ ധർമേന്ദ്ര യാദവ് പ്രഖ്യാപിച്ചു.
വഖഫ് സ്വത്തുക്കള്‍ സർക്കാർ കൊള്ളയടിക്കാന്‍ വേണ്ടിയുള്ള ക്രൂരമായ നിയമമാണിതെന്നും ബില്ലിനെതിരെ പാര്‍ലമെന്റിലും പുറത്തും പോരാടുമെന്നും മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.