മുസ്ലിം ലീഗ് ദേശീയ ആസ്ഥാനമന്ദിരം തുറന്നു
text_fieldsമുസ്ലിം ലീഗിന്റെ ദേശീയ ആസ്ഥാനമന്ദിരം ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ന്യൂഡൽഹി: ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ ഓർമകൾ മുറ്റിനിന്ന വേദിയിൽ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ ദേശീയ ആസ്ഥാനമന്ദിരം ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ന്യൂഡൽഹി ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ മൂവായിരത്തോളം സമ്മേളന പ്രതിനിധികളെയും ഇൻഡ്യ സഖ്യം ദേശീയ നേതാക്കളെയും സാക്ഷിനിർത്തി സാദിഖലി ശിഹാബ് തങ്ങൾ വേദിയിൽ സ്ഥാപിച്ച റിബൺ മുറിക്കുമ്പോൾ പ്രതിനിധികളുടെ ആവേശം ആകാംക്ഷക്ക് വഴിമാറി.
വൈഫൈ ജി.എസ്.എം വിദൂര നിയന്ത്രിത സാങ്കേതികവിദ്യയിലൂടെ കിലോമീറ്ററുകൾക്കപ്പുറത്ത് ദരിയാഗഞ്ച് ശ്യാംലാൽ റോഡിലെ 86ാം നമ്പർ കെട്ടിടത്തിലെ തിരശ്ശീലകൾ ഇരുവശത്തേക്കും നീങ്ങി ഖാഇദെ മില്ലത്ത് സെന്റർ തെളിഞ്ഞു വരുന്നത് സ്റ്റേഡിയത്തിനകത്തെ സ്ക്രീനിൽ ലൈവായി കണ്ട് നേതാക്കളും പ്രവർത്തകരും ഹർഷാരവം മുഴക്കി.
മുസ്ലിം ലീഗിനും രാജ്യമെങ്ങുമുള്ള പ്രവർത്തകർക്കും ചരിത്ര നിമിഷമാണിതെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കേവലമൊരു രാഷ്ട്രീയ പ്രവർത്തന കേന്ദ്രമായിരിക്കില്ല, സാമൂഹിക -സാംസ്കാരിക- വിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങളുടെ കേന്ദ്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റാജി അലി ശിഹാബ് തങ്ങളുടെ ഖുർആൻ പാരായണത്തോടെയാണ് ഉദ്ഘാടന ചടങ്ങിന് തുടക്കം കുറിച്ചത്. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. ദേശീയ പ്രസിഡന്റ് കെ.എം. ഖാദർ മൊയ്തീൻ അധ്യക്ഷതവഹിച്ചു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, തമിഴ്നാട് ന്യൂനപക്ഷകാര്യ മന്ത്രി തിരുഅവടി എസ്.എം. നിസാർ, മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ഝാർഖണ്ഡ് മുക്തിമോർച്ച എം.പി. സർഫറാസ് അഹ്മദ്, മുസ്ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് സമദാനി എം.പി, ദേശീയ സെക്രട്ടറിമാരായ ഖുർറം അനീസ് ഉമർ, അഡ്വ. ഹാരിസ് ബീരാൻ എം.പി, അബ്ദുൽ ബാസിദ്, നവാസ് കനി എം.പി, ദേശീയ അസി. സെക്രട്ടറി ഫാത്തിമ മുസഫർ, ജയന്തി രാജൻ, സമാജ് വാദി പാർട്ടി എം.പി മൗലാന മുഹിബുല്ല നദ്വി എന്നിവർ സംസാരിച്ചു. ദേശീയ ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.