മുസ്ലിം ഒ.ബി.സി ക്വോട്ട: സമ്മർദവുമായി പാർലമെന്ററി സമിതി
text_fieldsന്യൂഡൽഹി: ന്യൂനപക്ഷ പദവിയുള്ള കേന്ദ്ര സർവകലാശാലകളായ ഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയയിലും (ജെ.എം.ഐ), അലീഗഢ് മുസ്ലിം സർവകലാശാലയിലും (എ.എം.യു) ഒ.ബി.സി മുസ്ലിം, എസ്.ടി മുസ്ലിം സംവരണം നടപ്പാക്കാനുള്ള ശ്രമത്തിന് പാർലമെന്ററി സമിതി.
വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായും ജെ.എം.ഐ, എം.എം.യു പ്രതിനിധികളുമായും പിന്നാക്ക, ഒ.ബി.സി വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള പാർലമെന്ററി സമിതി കൂടിക്കാഴ്ച നടത്തും. വിദ്യാർഥി പ്രവേശനത്തിലും ജോലിയിലും ഒ.ബി.സി മുസ്ലിം, എസ്.ടി മുസ്ലിം വിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് സ്ഥാപനങ്ങൾ എന്തൊക്കെ നടപടി സ്വീകരിച്ചു എന്ന് വിശദീകരണം തേടും. ജൂൺ 13നാണ് യോഗം.
ഒ.ബി.സി മുസ്ലിം, എസ്.ടി മുസ്ലിം എന്നിവർക്ക് സംവരണമില്ലാത്ത ന്യൂനപക്ഷ സ്ഥാപനങ്ങളാണ് ഇവയെന്ന് മനസ്സിലായിട്ടുണ്ടെന്നും എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നതെന്ന് പരിശോധിക്കുമെന്നും സമിതി അംഗം പറഞ്ഞു. ന്യൂനപക്ഷ പദവിയുള്ളതിനാൽ ജെ.എം.എയിലും എം.എ.യുവിലും അവരുടേതായ സംവരണനയമുണ്ട്. ഒരോ വിഭാഗത്തിലും നിശ്ചിത ശതമാനം മുസ്ലിം സംവരണം ഉണ്ടെന്നല്ലാതെ അതിൽ മുസ്ലിം പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്ക് ക്വോട്ട നിശ്ചയിച്ചിട്ടില്ല. പിന്നാക്ക വിഭാഗത്തിൽപ്പെട്ട മുസ്ലിംകൾക്ക് എന്തുകൊണ്ട് സംവരണം നൽകിക്കൂടാ എന്നും സമിതി അംഗം ചോദിച്ചു. എ.എം.യു നടത്തുന്ന സ്കൂളുകളിൽ പഠിച്ച വിദ്യാർഥികൾക്കായി സംവരണം ചെയ്തിരിക്കുന്ന ക്വോട്ട ഒഴികെ, പ്രവേശനത്തിനോ ജോലിക്കോ മറ്റു സംവരണ നയങ്ങൾ സ്ഥാപനത്തിനില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.