മൈസൂർ ദസറ: ദലിത് മന്ത്രിമാരെ പൂജയിൽ നിന്ന് തടഞ്ഞതായി പരാതി; ഇടപെട്ട് ഡി.കെ. ശിവകുമാർ
text_fieldsബെംഗളൂരു: മൈസൂർ ദസറ ആഘോഷത്തിനിടയിൽ ദലിത് വിഭാഗത്തിൽപ്പെട്ട മൂന്ന് മന്ത്രിമാരെ പൊലീസ് ഉദ്യോഗസ്ഥൻ പൂജയിൽ പങ്കെടുക്കുന്നതിൽ നിന്ന് തടഞ്ഞതായി പരാതി. കോട്ടെ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിന് സമീപം ഒക്ടോബർ 21-ന് ജംബൂ സവാരി ഘട്ടത്തിലായിരുന്നു സംഭവം. സംസ്കാരിക വകുപ്പ് മന്ത്രി ശിവരാജ് തങ്കടഗി, കൃഷി മന്ത്രി പി.എം. നരേന്ദ്ര സ്വാമി, മുസ്രായി വകുപ്പ് മന്ത്രി കെ.എസ്. ബസവരാജു എന്നിവർക്കാണ് ദുരനുഭവം ഉണ്ടായത്.
പരമ്പരാഗതമായ നന്ദി ധ്വജ പൂജയിൽ പങ്കെടുക്കാൻ മന്ത്രിമാർ എത്തിയെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ ഇവരെ തടയുകയായിരുന്നു. മൈസൂർ ജില്ലാ ചുമതലയുള്ള മന്ത്രി യതീന്ദ്ര സിദ്ധരാമയ്യയ്ക്കും മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും മാത്രമാണ് പൂജ വേദയിലേക്ക് പ്രവേശനം അനുവദിച്ചത്. മന്ത്രിമാർ വേദയിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ മൈസൂർ എസ്.പി സി.ബി. ഋഷ്യാന്ത് ഇവരുടെ വഴി തടയുകയായിരുന്നു.
ഇതോടെ സ്ഥലത്ത് വലിയ വാക്കുതർക്കവും സംഘർഷാവസ്ഥയുമുണ്ടായി. മന്ത്രിമാരെ തടഞ്ഞ ഉദ്യോഗസ്ഥനോട് നരേന്ദ്ര സ്വാമി കർശനമായി പ്രതികരിക്കുകയും ശരീരത്തിൽ തൊടരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നേരിട്ട് ഇടപെടുകയും മന്ത്രിമാരെ പൂജയിൽ പങ്കെടുപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകുകയുമായിരുന്നു.
ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
സംഭവത്തിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചീഫ് സെക്രട്ടറി ശാലിനി രജനീഷിനോട് അന്വേഷണത്തിന് ഉത്തരവിട്ടു. മന്ത്രിമാരെ വേദിയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞത് തികച്ചും അസ്വീകാര്യമായ നടപടിയാണെന്നും ഇത്തരം വീഴ്ചകൾ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദലിത് മന്ത്രിമാർക്ക് നേരിടേണ്ടിവന്ന അപമാനം കർണാടക രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.

