നാക് ചെയർമാൻ ഭൂഷൺ പട്‌വർധൻ രാജിവെച്ചു: ‘രാജി പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ’
text_fieldsന്യൂഡൽഹി: നാഷനൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) എക്സിക്യുട്ടിവ് കമ്മിറ്റി ചെയർമാൻ ഭൂഷൺ പട്‌വർധൻ രാജിവെച്ചു. നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ സർവകലാശാലകൾ ഗ്രേഡുകൾ നേടുന്നുവെന്ന് ആരോപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് രാജി.
രാജി വ്യക്തിപരമല്ലെന്നും ആത്മാഭിമാനവും പദവിയുടെ അന്തസ്സും കാത്തുസൂക്ഷിക്കാനാണെന്നും യൂനിവേഴ്‌സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി) ചെയർമാൻ എം. ജഗദേഷ് കുമാറിന് ഞായറാഴ്ച രാത്രി അയച്ച കത്തിൽ പട്‌വർധൻ വ്യക്തമാക്കി. ഇതാദ്യമായാണ് നാക് എക്‌സിക്യൂട്ടീവ് ചെയർമാൻ രാജിവെക്കുന്നത്.
നിയമപരമായ ഒരു അധികാരവുമില്ലാതെ അഡീഷനൽ ചെയർമാനെ നിയമിക്കാനുള്ള യു.ജി.സിയുടെ നീക്കത്തിൽ ‘സ്വതന്ത്ര അന്വേഷണം’ വേണമെന്ന് പട്‌വർധൻ കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം യു.ജി.സി ചെയർമാന് നൽകിയ മറ്റൊരു കത്തിൽ ‘സ്ഥാപിത താൽപര്യങ്ങളും ക്രമക്കേടുകളും വഴി ചില ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗ്രേഡുകൾ നേടുന്നതായി പട്‌വർധൻ ആരോപിച്ചിരുന്നു. ആ കത്തിലും അദ്ദേഹം രാജി താൽപര്യം അറിയിച്ചിരുന്നു. എന്നാൽ, വിഷയത്തിൽ യു.ജി.സി പ്രതികരിച്ചിട്ടില്ല.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തുകയും അംഗീകാരം നൽകുകയും ചെയ്യുന്ന യു.ജി.സി.യുടെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാകിനെതിരെ ക്രമക്കേടുകളും അഴിമതി ആരോപണവും ഉയർന്നിരുന്നു. നാകിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ഫെബ്രുവരിയിൽ പട്‌വർധൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ നിർദേശം യു.ജി.സി പരിഗണിച്ചില്ല.
പട്‌വർധന്റെ രാജി യു.ജി.സി ചെയർമാൻ എം. ജഗദേഷ് കുമാർ സ്വീകരിച്ചെന്നാണ് റിപ്പോർട്ട്. അക്രഡിറ്റേഷൻ പ്രക്രിയകളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച പട്‌വർധൻ ഫെബ്രുവരി 26 ന് രാജിവെക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് യു.ജി.സി ചെയർമാൻ എം. ജഗദേഷ് കുമാർ മാർച്ച് മൂന്നിന് മുൻ എ.ഐ.സി.ടി.ഇ ചെയർപേഴ്സൺ അനിൽ സഹസ്രബുദ്ധയെ ആ സ്ഥാനത്ത് നിയമിക്കാൻ നിർദേശിച്ചിരുന്നു. 2022 ഫെബ്രുവരിയിലാണ് പട്‌വർധൻ ചെയർമാനായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.