നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ അറസ്റ്റ് ചെയ്ത കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
text_fieldsകൊൽക്കത്ത: നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന മിലൻ പ്രധാന് കൊൽക്കത്ത ഹൈക്കോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചു. 2007-ൽ രജിസ്റ്റർ ചെയ്ത ആറ് കേസുകളിലാണ് ജസ്റ്റിസ് തീർത്ഥാങ്കർ ഘോഷ് ഒക്ടോബർ 20 വരെ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒക്ടോബർ 21-ന് അദ്ദേഹം വിചാരണ കോടതിയിൽ ഹാജരാകണം. ഒക്ടോബർ ആറിന് നന്ദിഗ്രാമിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ ലഭിച്ച ഈ ജാമ്യ ഉത്തരവ് കോൺഗ്രസ് ക്യാമ്പിന് വലിയ ആശ്വാസമായി മാറുകയാണ്.
2007-ലെ നന്ദിഗ്രാം പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കൊലപാതകം, വധശ്രമം തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് മിലൻ പ്രധാനെതിരെ കേസ് നിലനിന്നിരുന്നത്. ഉപതെരഞ്ഞെടുപ്പിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ, സെപ്റ്റംബർ 18-നാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
മിലൻ പ്രധാന്റെ ജാമ്യാപേക്ഷയെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തുവെങ്കിലും പ്രതിഭാഗം ഉന്നയിച്ച ന്യായങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു. നാമനിർദ്ദേശ പത്രിക നൽകിയതിന് ശേഷമാണ് സ്ഥാനാർത്ഥിയുടെ അറസ്റ്റ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, 2007-ന് ശേഷം മിലൻ പ്രധാൻ മറ്റ് ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ സർക്കാരിന് സാധിച്ചിട്ടില്ലെന്നും വ്യക്തമാക്കി. 19 വർഷത്തോളം പഴക്കമുള്ള കേസുകളിലെ വാറന്റുകൾ നടപ്പിലാക്കാൻ പൊലീസിന് ധാരാളം സമയമുണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
ആറ് കേസുകളിലും ഇടക്കാല ജാമ്യം ലഭ്യമായതായി മിലൻ പ്രധാന്റെ അഭിഭാഷകൻ അഷ്ഫാക് അഹമ്മദ് വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി. കേസിന് 19 വർഷത്തെ പഴക്കമുണ്ടെന്ന തങ്ങളുടെ പ്രധാന വാദം കോടതി ശരിവെക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നന്ദിഗ്രാമിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രചാരണം തടയാനാണ് സർക്കാർ നീക്കം നടത്തുന്നതെന്നും, ബിജെപി നേതാക്കൾ ഉൾപ്പെടെ പ്രതികളായ കേസുകളിൽ മിലൻ പ്രധാനെതിരെ മാത്രം വിവേചനപരമായി നടപടിയെടുക്കുകയായിരുന്നുവെന്നും അഭിഭാഷകൻ ആരോപിച്ചു. അന്തിമമായി സത്യം വിജയിച്ചുവെന്നായിരുന്നു വിധിയോട് പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ ശുഭങ്കർ സർക്കാരിന്റെ പ്രതികരണം.
മിലൻ പ്രധാൻ ജയിലിലായതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ അർപ്പിത പ്രധാനാണ് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പ്രചാരണത്തിന് ഇറങ്ങിയിരുന്നത്. കഴിഞ്ഞ ഞായറാഴ്ച ശുഭങ്കർ സർക്കാരിന്റെ നേതൃത്വത്തിൽ നന്ദിഗ്രാമിൽ മിലൻ പ്രധാന് പിന്തുണയർപ്പിച്ച് വലിയ റാലിയും കോൺഗ്രസ് സംഘടിപ്പിച്ചിരുന്നു.
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സുവേന്ദു അധികാരി നന്ദിഗ്രാം ഉൾപ്പെടെ രണ്ട് സീറ്റുകളിൽ ജയിക്കുകയും തുടർന്ന് നന്ദിഗ്രാം സീറ്റ് രാജിവെക്കാൻ തീരുമാനിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഒക്ടോബർ നാലിന് പരസ്യപ്രചാരണം അവസാനിക്കുമെന്നതിനാൽ മിലൻ പ്രധാന് നേരിട്ട് പ്രചാരണത്തിനിറങ്ങാൻ ഒരാഴ്ചയിൽ താഴെ സമയം മാത്രമേ ലഭ്യമാകൂ. ഒക്ടോബർ ആറിന് വോട്ടെടുപ്പും ഒക്ടോബർ ഒൻപതിന് വോട്ടെണ്ണലും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

