കാർഗിൽ രക്തസാക്ഷികളെ സ്മരിച്ച് രാജ്യം
text_fieldsന്യൂഡൽഹി: കാർഗിലിൽ ധീരപോരാട്ടം നടത്തി ഇന്ത്യക്ക് അഭിമാന വിജയം സമ്മാനിച്ച സായുധസേന അംഗങ്ങൾക്ക് ആദരമർപ്പിച്ച് രാജ്യം. ജൂലൈ 26 കാർഗിൽ വിജയദിവസമായാണ് രാജ്യം ആചരിക്കുന്നത്.
ലഡാക്കിലെ കാർഗിൽ മലനിരകളിൽ നുഴഞ്ഞുകയറിയ പാകിസ്താൻ സൈന്യത്തെ തകർത്ത് 1999 ജൂലൈയിൽ നേടിയ മഹാവിജയത്തിനിടെ ജീവൻ ബലിയർപ്പിച്ച സായുധസേനാംഗങ്ങൾക്ക് പുതിയ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആദരാഞ്ജലി അർപ്പിച്ചു.
''നമ്മുടെ സേനയുടെ അസാധാരണ ധൈര്യത്തിന്റെയും സ്ഥൈര്യത്തിന്റെയും ആത്മാർപ്പണത്തിന്റെയും പ്രതീകമാണ് കാർഗിൽ വിജയദിവസം. രാജ്യത്തെ സംരക്ഷിക്കാൻ ജീവൻ ബലിനൽകിയ ധീര സേനാനികളുടെ ഓർമക്കുമുന്നിൽ തലകുനിക്കുകയാണ്. അവരോടും അവരുടെ കുടുംബത്തിനോടും രാജ്യം എന്നും കടപ്പെട്ടിരിക്കുന്നു... ജയ് ഹിന്ദ്'' -ഹിന്ദിയിൽ നടത്തിയ ട്വീറ്റിൽ ദ്രൗപദി മുർമു വിവരിച്ചു.
രാജ്യത്തെ അഭിമാനത്തിന്റെയും പെരുമയുടെയും പ്രതീകമാണ് കാർഗിൽ വിജയദിവസമെന്ന് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും പ്രതിരോധ മന്ത്രാലയവും കാർഗിൽ സേനാനികളെ അനുസ്മരിച്ചു.
കാർഗിലിലെ കടന്നുകയറ്റത്തിലൂടെ അതിർത്തി മാറ്റിവരക്കാമെന്ന വ്യാമോഹത്തിൽ പാകിസ്താൻ നടത്തിയ അതിസാഹസത്തെ ഇന്ത്യ ഫലപ്രദമായി തടയുകയായിരുന്നു. ദിനാചരണത്തിന്റെ ഭാഗമായി തലസ്ഥാന നഗരിയിൽ നടന്ന ചടങ്ങിൽ കരസേന മേധാവി മാനോജ് പാണ്ഡെ, നാവികസേന മേധാവി അഡ്മിറൽ ആർ. ഹരികുമാർ, വ്യോമസേന മേധാവി എയർചീഫ് മാർഷൽ വി.ആർ ചൗധരി തുടങ്ങിയവർ ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.