വഖഫ്: ബി.ജെ.ഡിയിൽ അസ്വാരസ്യം പടരുന്നു, മുതിർന്ന നേതാക്കളെ കണ്ട് നവീൻ പട്നായിക്
text_fieldsഭുവനേശ്വർ: വഖഫ് ഭേദഗതി നിയമം സംബന്ധിച്ച വോട്ടെടുപ്പിൽ ബി.ജെ.പിക്ക് സഹായകമാകുന്ന നിലപാട് സ്വീകരിച്ചതിനെ ചൊല്ലി ബിജു ജനതാദളിൽ അസ്വാരസ്യം പുകയുന്നു. പ്രശ്ന പരിഹാരത്തിനായി പാർട്ടി അധ്യക്ഷൻ നവീൻ പട്നായിക് മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മുൻ രാജ്യസഭ എം.പി അനങ് ഉദയ് സിങ് ദിയോ, ബി.ജെ.ഡി നിയമസഭ ഉപനേതാവ് പ്രസന്ന ആചാര്യ, മുൻ മന്ത്രി ദേബി പ്രസാദ് മിശ്ര എന്നിവരുമായാണ് പട്നായിക് ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയത്. വഖഫ് ബിൽ രാജ്യസഭയിൽ വന്നപ്പോൾ ബി.ജെ.ഡി എം.പിമാർക്ക് വിപ്പ് നൽകിയിരുന്നില്ല. ചില എം.പിമാർ ബില്ലിനെ അനുകൂലിച്ചും ചിലർ എതിർത്തും വോട്ടുചെയ്യുകയായിരുന്നു.
അതിനിടെ, വിഷയത്തിൽ എം.എൽ.എമാർ അടക്കമുള്ള യുവനേതാക്കൾ മുൻ എം.എൽ.എയുടെ വസതിയിൽ പ്രത്യേകം യോഗം ചേർന്നു. ഇവർ മുതിർന്ന നേതാവ് ദേബി പ്രസാദ് മിശ്ര വഴി പട്നായിക്കിന് നിവേദനം കൈമാറുകയും ചെയ്തു. പാർട്ടി അധികാരത്തിലിരുന്നപ്പോൾ പലപ്പോഴും ചെയ്തതുപോലെ ബി.ജെ.പിയെ സഹായിക്കരുതെന്ന് അവർ നിവേദനത്തിൽ ആവശ്യപ്പെട്ടു. പലപ്പോഴും ബി.ജെ.പിയെ പിന്തുണച്ചതിന് ബി.ജെ.ഡി കനത്ത വില നൽകേണ്ടിവന്നു. ബി.ജെ.പിയുടെ ബില്ലുകളെയും നയങ്ങളെയും പിന്തുണച്ച് പാർട്ടിക്ക് കൂടുതൽ നഷ്ടം വരുത്തരുതെന്നും അവർ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ 147 നിയമസഭാ മണ്ഡലങ്ങളിൽ 20 ലും മുസ്ലിം വോട്ട് നിർണായകമാണ്. കോൺഗ്രസിനെ കൈയൊഴിഞ്ഞ മുസ്ലിം വോട്ടർമാർ ബി.ജെ.ഡിയെയാണ് പിന്തുണച്ചത്. അവർ കോൺഗ്രസിലേക്ക് തിരികെ പോകണമെന്ന് പാർട്ടി ആഗ്രഹിക്കുന്നില്ലെന്ന് ഒരു മുതിർന്ന നേതാവ് പറഞ്ഞു.
പാർട്ടിയുടെ ബി.ജെ.പി അനുകൂല നിലപാടിന് പിന്നിൽ നവീൻപട്നായിക്കിന്റെ അടുപ്പക്കാരനും രാഷ്ട്രീയക്കാരനായി മാറിയ ഉദ്യോഗസ്ഥനുമായ വി.കെ. പാണ്ഡ്യനാണെന്നാണ് ആരോപണം. ഒരുവിഭാഗം പാർട്ടി അനുയായികൾ തിങ്കളാഴ്ച നവീൻ പട്നായികിന്റെ വസതിക്ക് സമീപം പാണ്ഡ്യനെതിരെ മുദ്രാവാക്യം മുഴക്കിയിരുന്നു. 2024 ൽ നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിതോടെ സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുകയാണെന്ന് പാണ്ഡ്യൻ പ്രഖ്യാപിച്ചിരുന്നു.
കശ്മീർ നിയമസഭയിൽ മൂന്നാം ദിവസവും ബഹളം
ശ്രീനഗർ: വഖഫ് ഭേദഗതി നിയമത്തെ ചൊല്ലി കശ്മീർ നിയമസഭയിൽ മൂന്നാം ദിവസവും ബഹളം. ഇതോടെ സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ബുധനാഴ്ച സഭ ചേർന്നപ്പോൾ വഖഫ് ഭേദഗതി നിയമം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് നാഷനൽ കോൺഫറൻസ് അംഗങ്ങൾ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നാഷനൽ കോൺഫറൻസ് അംഗങ്ങൾ നൽകിയ അടിയന്തര പ്രമേയത്തിന് ചട്ടങ്ങളും സാങ്കേതിക കാര്യങ്ങളും ചൂണ്ടിക്കാട്ടി സ്പീക്കർ അനുമതി നിഷേധിച്ചു. പീപ്പിൾസ് കോൺഫറൻസ് നേതാവ് സജാദ് ഗനി ലോണിന്റെ നേതൃത്വത്തിൽ മൂന്ന് പ്രതിപക്ഷ അംഗങ്ങൾ സ്പീക്കർക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനും അനുമതി നിഷേധിച്ചു.
ഇതിനിടെ തൊഴിലില്ലായ്മ സംബന്ധിച്ച കാര്യങ്ങൾ ഉന്നയിക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങളും ബഹളം വെച്ചു. സ്പീക്കറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് വഖഫ് നിയമം ചർച്ചചെയ്യാൻ അരമണിക്കൂർ അനുവദിക്കണമെന്ന് നാഷനൽ കോൺഫറൻസിലെ നസീർ അഹമ്മദ് ഖാൻ ഗുരേസി ആവശ്യപ്പെട്ടു. ബി.ജെ.പി പ്രദേശത്തെ നശിപ്പിക്കുകയും ജനങ്ങളുടെ ഭൂമിക്കും ജോലിക്കും മേലുള്ള അവകാശങ്ങൾ കവർന്നെടുക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ പ്രതിപക്ഷ നേതാവ് സുനിൽ ശർമയുടെ നേതൃത്വത്തിൽ ബി.ജെ.പി അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി. ബഹളം രൂക്ഷമായതോടെ സ്പീക്കർ ഉച്ചക്ക് ഒരുമണിവരെ സഭ നിർത്തിവെച്ചു. ഇതിനിടെ ബി.ജെ.പി എം.എൽ.എമാരും ആം ആദ്മി പാർട്ടി (എ.എ.പി) എം.എൽ.എ മെഹ്രാജ് മാലികും തമ്മിൽ വാക്കുതർക്കവുമുണ്ടായി. വീണ്ടും സമ്മേളിച്ചപ്പോഴും ബഹളം തുടർന്നതോടെ സഭ അനിശ്ചിതകാലത്തേക്ക് പിരിയുകയായിരുന്നു.
നാഷനൽ കോൺഫറൻസ് സുപ്രീംകോടതിയിലേക്ക്
ജമ്മു: കേന്ദ്രസർക്കാർ പാസാക്കിയ വഖഫ് ഭേദഗതി നിയമത്തിനെതിരെ നാഷനൽ കോൺഫറൻസ് സുപ്രീം കോടതിയിൽ ഹരജി നൽകുമെന്ന് പാർട്ടി നേതാവും ജമ്മു -കശ്മീർ നിയമസഭാംഗവുമായ തൻവീർ സാദിഖ് പറഞ്ഞു. നിയമം ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നതും രാജ്യത്തുടനീളമുള്ള മുസ്ലിംകളുടെ മതസ്വാതന്ത്ര്യം, സമത്വം, സ്വത്തവകാശം എന്നിവക്കെതിരായ നേരിട്ടുള്ള ആക്രമണവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുർഷിദാബാദിൽ സ്ഥിതി ശാന്തം
കൊൽക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ സ്ഥിതിഗതികൾ ശാന്തം. രഘുനാഥ്ഗഞ്ച്, സുതി പൊലീസ് സ്റ്റേഷൻ പ്രദേശങ്ങളിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ തുടരുകയാണ്. ജില്ലയിലെ സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ വൻതോതിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
ജംഗിപൂരിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കി. വ്യാഴാഴ്ച വൈകുന്നേരം ആറുവരെ നിരോധനാജ്ഞ തുടരും. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് ശേഷമേ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കൂവെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് ജംഗിപൂർ ഏരിയയിൽ ദേശീയപാത 12ൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ വൻ പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധക്കാർ പൊലീസിനുനേരെ കല്ലെറിയുകയും രണ്ട് പൊലീസ് വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. തുടർന്ന് പൊലീസ് ലാത്തി വീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. കല്ലേറിൽ പൊലീസുകാർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ ഗവർണർ സി.വി. ആനന്ദബോസ് റിപ്പോർട്ട് തേടി. ക്രമസമാധാനനില തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.