ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്:ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ; മികച്ച സ്കോർ തിരഞ്ഞെടുക്കാം
text_fieldsന്യൂഡൽഹി: ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ നടത്താനും ഇതിൽ മികച്ച സ്കോർ വിദ്യാർഥിക്ക് തിരഞ്ഞെടുക്കാനും ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിൽ(എൻ.സി.എഫ്) ശിപാർശ. 11,12 ക്ലാസുകളിലെ വിദ്യാർഥികൾ രണ്ട് ഭാഷകൾ നിർബന്ധമായും പഠിച്ചിരിക്കണമെന്നും അതിൽ ഒന്ന് ഇന്ത്യൻ ഭാഷയായിരിക്കണമെന്നും പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് ആവശ്യപ്പെടുന്നു. ദേശീയ വിദ്യാഭ്യാസ നയം 2020 (എൻ.ഇ.പി)അടിസ്ഥാനത്തില്‍ ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ കെ. കസ്തൂരിരംഗൻ അധ്യക്ഷനായ സമിതി തയാറാക്കിയ അന്തിമ പാഠ്യപദ്ധതി ചട്ടക്കൂട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ബുധനാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.
ഭാവിയിൽ എല്ലാ ബോര്‍ഡുകളും പരീക്ഷകള്‍ സെമസ്റ്റര്‍ അല്ലെങ്കിൽ ടേം സമ്പ്രദായത്തിലേക്ക് മാറ്റണം. പഠിച്ചത് ഓർമിച്ചെടുക്കുന്നതിനു പകരം അവയുടെ പ്രായോഗികത പരിശോധിക്കണം. ഒരു വിഷയത്തിൽ പഠനം പൂർത്തിയാകുമ്പോൾ പരീക്ഷയെഴുതാൻ അവസരം നൽകണം. സമഗ്രമായ പരീക്ഷാ ബാങ്കുകൾ ഇതിനുവേണ്ടി സജ്ജമാക്കി സോഫ്റ്റ് വെയർ സഹായത്തോടെ പരീക്ഷ നടത്തുന്ന രീതിയൊരുക്കണം. പരീക്ഷാ ചോദ്യപേപ്പര്‍ തയാറാക്കുന്നവരും മൂല്യനിര്‍ണയം നടത്തുന്നവരും അംഗീകൃത കോഴ്സ് പാസായിരിക്കണമെന്നും എൻ.സി.എഫ് ആവശ്യപ്പെടുന്നു.
ഭിന്നശേഷിയും പഠനവൈകല്യവുമുള്ള കുട്ടികൾക്കു വേണ്ടി അധ്യയന വർഷങ്ങളുടെ ആരംഭത്തിൽ ഒരുമാസ ബ്രിഡ്ജ് കോഴ്സ് നൽകണം. മൂന്ന്, അഞ്ച് ക്ലാസുകളിൽ കുട്ടികളുടെ അടിസ്ഥാനഭാഷാ, കണക്ക് പ്രായോഗികത പരിശോധിക്കണം. അഞ്ച്, എട്ട് ക്ലാസുകളിൽ കുട്ടികൾ പുരോഗതി കൈവരിച്ചില്ലെങ്കിൽ ഒരു വർഷംകൂടി അതേ ക്ലാസുകളിൽ പഠനം നടത്താൻ രക്ഷിതാക്കൾക്ക് തീരുമാനിക്കാം. എൻ.ഇ.പി പ്രകാരം വിദ്യാഭ്യാസ കാലഘട്ടത്തെ 5+3+3+4 എന്നിങ്ങനെ നാലായി വിഭച്ചിരുന്നു. മൂന്നുവയസ്സു മുതല്‍ എട്ടുവയസ്സുവരെ അടിസ്ഥാന ഘട്ടം, എട്ടുമുതല്‍ 11 വരെ തയാറെടുപ്പ് ഘട്ടം, 11 മുതല്‍ 14 വരെ മിഡില്‍ ഘട്ടം, 14 മുതല്‍ 18 വരെ സെക്കന്‍ഡറി തലവും. സെക്കന്‍ഡറി വിദ്യാഭ്യാസത്തെ ഒമ്പത്,10 ഉള്‍പ്പെടുന്ന ഒന്നാംഘട്ടവും 11, 12 ഉള്‍പ്പെടുന്ന രണ്ടാം ഘട്ടവുമായി തിരിച്ചിട്ടുണ്ട്.
നിലവിലെ രീതിയില്‍നിന്ന് വ്യത്യസ്തമായി പത്തുവർഷത്തിനുള്ളിൽ ഒമ്പതാം ക്ലാസില്‍ വെച്ചുതന്നെ വിദ്യാര്‍ഥികള്‍ക്ക് സെക്കന്‍ഡറി തലത്തിലെ വിഷയങ്ങള്‍ തിരഞ്ഞെടുത്തുപഠിക്കാൻ അവസരം ഒരുക്കണം.
സെക്കൻഡറി തലത്തിൽ സയൻസ്, ആർട്സ് വേർതിരിവുകളില്ലാതെ വിഷയങ്ങൾ വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാം. വിവിധ വിഷയങ്ങളെ നാലു ഗ്രൂപ്പുകളായി തിരിച്ച് അതിൽനിന്നു ആറ് വിഷയങ്ങൾ ഹയർ സെക്കൻഡറി തലത്തിൽ പഠിക്കണമെന്നും നിർദേശിക്കുന്നു. ഇന്ത്യൻ നോളജ് സിസ്റ്റവുമായി ബന്ധപ്പെട്ട ഭാഗങ്ങളും പാഠ്യപദ്ധതിയിൽ ഭാഗമാക്കണമെന്നും എൻ.സി.എഫിൽ ആവശ്യപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.