ദേശീയപാത തകർച്ച; തുറന്നുസമ്മതിച്ച് ദേശീയപാത അതോറിറ്റി
text_fieldsദേശീയപാതയിൽ മലപ്പുറം കൂരിയാട്ട് സംരക്ഷണഭിത്തി തകർന്ന് സര്‍വിസ് റോഡിലേക്ക് വീണപ്പോള്‍
ന്യൂഡൽഹി: മലപ്പുറം കൂരിയാട് ദേശീയപാത 66 നിർമാണത്തിലും രൂപരേഖയിലും പാളിച്ചയുണ്ടായെന്ന് തുറന്നുസമ്മതിച്ച് ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ). പാത നിർമാണത്തിന് കരാറെടുത്ത കമ്പനികൾ 40 ശതമാനം വരെ തുക കുറച്ചാണ് ഉപകരാറുകൾ നല്‍കിയതെന്നും എൻ.എച്ച്.എ.ഐ അധികൃതർ പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് (പി.എ.സി) മുമ്പാകെ അറിയിച്ചു. ഒരു കിലോമീറ്റർ പാത പൂർണമായും പുനർനിർമിക്കേണ്ടിവരും. നിർമാണത്തിന് മുന്നോടിയായി സ്ഥലത്തെ മണ്ണ് പരിശോധന ഫലപ്രദമായി നടന്നില്ല.
കരാർ ഏറ്റെടുത്ത കെ.എൻ.ആർ കൺസ്ട്രക്ഷൻസിന് വൻ വീഴ്ച സംഭവിച്ചു.എൻ.എച്ച്.എ.ഐ ഉന്നത സംഘത്തോട് ദേശീയപാത 66 സന്ദർശിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകാൻ പി.എ.സി ആവശ്യപ്പെട്ടു. ദേശീയപാത നിർമാണത്തിലെ കരാർ, രൂപരേഖ എന്നിവ സംബന്ധിച്ച് ഓഡിറ്റ് നടത്താൻ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന് (സി.എ.ജി) പി.എ.സി നിർദേശം നൽകി. കെ.സി. വേണുഗോപാൽ എം.പി ചെയർമാനായ പി.എ.സിയുടെ വ്യാഴാഴ്ച ചേർന്ന യോഗത്തിലേക്ക് എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടുകയായിരുന്നു.
എൻ.എച്ച്.എ.ഐ അംഗീകരിച്ചിട്ടുള്ള എൻജിനീയർമാരുമായി ആലോചിച്ച് കാരാറുകാരാണ് ദേശീയപാതയുടെ രൂപരേഖ തയാറാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അവരുടെ ഭാഗത്തുനിന്നുള്ള പാളിച്ചകൾ ഗുരുതരമാണെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറിയും ദേശീയപാത അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവും പി.എ.സിയെ അറിയിച്ചു. അടുത്ത ദിവസങ്ങളിൽ എൻ.എച്ച്.എ.ഐ ചെയർമാൻ കേരളത്തിലെത്തി നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തും. പാലക്കാട് ഐ.ഐ.ടിയിൽ നിന്നുൾപ്പെടെ മൂന്നംഗ സാങ്കേതിക വിദഗ്ധരും പരിശോധന നടത്തും.
അവരുടെ നിര്‍ദേശമനുസരിച്ച് നടപടി സ്വീകരിക്കുമെന്നും എൻ.എച്ച്.എ.ഐ പി.എ.സിയെ അറിയിച്ചു. മേയ് 19നാണ് കോഴിക്കോട് -തൃശൂര്‍ ദേശീയപാതയില്‍ കൊളപ്പുറത്തിനും കൂരിയാട് പാലത്തിനുമിടയിൽ റോഡ് തകർന്നത്. സംഭവത്തിൽ കെ.എൻ.ആർ കൺസ്ട്രക്ഷനും കൺസൽട്ടന്റായ ഹൈവേ എൻജിനീയറിങ് കമ്പനിക്കും ഉപരിതല ഗതാഗത മന്ത്രാലയം വിലക്കേർപ്പെടുത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.