ഗുജറാത്തിൽ ഇടയലേഖനം പുറപ്പെടുവിച്ച ആർച് ബിഷപിന് തെരഞ്ഞെടുപ്പ് കമീഷന്‍റെ നോട്ടീസ്
text_fieldsഗാന്ധിനഗർ: രാജ്യത്തെ ‘ദേശീയവാദിശക്തികളിൽ’നിന്ന് രക്ഷിക്കണമെന്ന് ക്രിസ്ത്യാനികളെ ആഹ്വാനം ചെയ്ത ഗാന്ധിനഗർ അതിരൂപത ആർച് ബിഷപ്പിന് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ്. ദേശീയവാദിശക്തികളിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ പ്രാർഥിക്കണമെന്ന് ആവർത്തിച്ച് പറയുന്ന ഇടയലേഖനം സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടാണ് ആർച് ബിഷപ് തോമസ് മക്വാന് നോട്ടീസ് അയച്ചത്. ‘ദേശീയവാദിശക്തി’ എന്നതുകൊണ്ട് ഉദ്ദേശിച്ചത് ഗുജറാത്ത് ഭരിക്കുന്ന ബി.ജെ.പിയെയാണ് എന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷെൻറ നിരീക്ഷണം. നവംബർ 21നാണ് ഇടയലേഖനം ബന്ധപ്പെട്ടവർക്ക് അയച്ചത്.
ഇതുസംബന്ധിച്ച മാധ്യമവാർത്തകളെ തുടർന്നാണ് നടപടിയെന്നും കത്തിനുപിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ച് ആർച് ബിഷപ്പിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഗാന്ധിനഗർ ജില്ല കലക്ടറും ജില്ല തെരഞ്ഞെടുപ്പ് ഒാഫിസറുമായ സതീഷ് പേട്ടൽ പറഞ്ഞു. ‘ന്യൂനപക്ഷ േവാട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും തെറ്റിദ്ധരിപ്പിക്കുകയുമാണ് ആർച് ബിഷപ്പിെൻറ ലക്ഷ്യം. വിശദീകരണം നൽകാൻ അദ്ദേഹത്തിന് ഏതാനും ദിവസം സമയം നൽകിയിട്ടുണ്ട്. അതിനുശേഷം തുടർനടപടി തീരുമാനിക്കും’-കലക്ടർ പറഞ്ഞു.
അതേസമയം, തെൻറ ആഹ്വാനം ഏതെങ്കിലും പാർട്ടിക്ക് എതിരല്ലെന്ന് ആർച് ബിഷപ് വ്യക്തമാക്കി. ഭരണഘടന മൂല്യങ്ങളെ ആദരിക്കുകയും കൂടുതൽ മതേതര സമീപനം സ്വീകരിക്കുകയും ചെയ്യുന്നവർക്ക് വോട്ടുചെയ്യണമെന്നാണ് അഭ്യർഥിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ഇത്തരം ആഹ്വാനങ്ങൾ ഇതിനുമുമ്പും തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഇതിൽ രാഷ്ട്രീയമില്ലെന്ന് കൂട്ടിച്ചേർത്തു.
രാജ്യത്തിെൻറ ജനാധിപത്യസ്വഭാവം ഭീഷണി നേരിടുകയാണെന്നും ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതബോധം വളരുകയാണെന്നും തോമസ് മക്വാൻ ഇടയലേഖനത്തിൽ അഭിപ്രായപ്പെട്ടിരുന്നു. ‘‘ദേശീയവാദിശക്തികൾ രാജ്യത്തെ വിഴുങ്ങുന്നതിെൻറ വക്കിലാണ്. അതുകൊണ്ടുതന്നെ ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. അതിെൻറ പ്രത്യാഘാതങ്ങളും പ്രകമ്പനങ്ങളും രാജ്യം മുഴുവനുമുണ്ടാകും’’^അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ പരോക്ഷമായി ലക്ഷ്യംവെച്ചുള്ള ഇടയലേഖനത്തിൽ ഗുജറാത്ത് നിയമസഭതെരഞ്ഞെടുപ്പിൽ വിവേചനമില്ലാതെ എല്ലാ മനുഷ്യരെയും ആദരിക്കുന്ന സ്ഥാനാർഥികളെ വിജയിപ്പിക്കാൻ അദ്ദേഹം ആഹ്വാനം നടത്തുകയും ചെയ്തു. ഗുജറാത്തിലെ ജനസംഖ്യയിൽ 0.51 ശതമാനമാണ് ക്രിസ്ത്യാനികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.