ഓപറേഷൻ സിന്ദൂർ പാഠപുസ്തകത്തിലേക്ക്; മൂന്നാം ക്ലാസ് മുതൽ പാഠ്യവിഷയമാകും
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യൻ സേന നടത്തിയ ‘ഓപറേഷൻ സിന്ദൂർ’ എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ തയാറെടുപ്പ് പൂർത്തിയായി. മൂന്ന് മുതൽ പ്ലസ്ടു വരെ പാഠ്യവിഷയമാക്കാനാണ് ആലോചന. ഇതിനായി പ്രത്യേക ക്ലാസ്‌റൂം മൊഡ്യൂൾ തയ്യാറാക്കുകയാണെന്ന് എൻ.സി.ഇ.ആർ.ടി വൃത്തങ്ങൾ പറഞ്ഞു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പാർലമെന്‍റിൽ ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ചർച്ച നടക്കാനിരിക്കെയാണ് പുതിയ റിപ്പോർട്ട് പുറത്തുവരുന്നത്.
മൂന്ന് മുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഒരുഭാഗവും ഒമ്പതുമുതൽ പ്ലസ്ടു വരെയുള്ളവർക്ക് മറ്റൊരു ഭാഗവുമാണ് തയാറാക്കിയത്. ഇന്ത്യയുടെ തന്ത്രപരമായ സൈനിക നടപടി വിശദീകരിക്കുകയാണ് പാഠഭാഗത്തിൽ. ഭീകരാക്രമണങ്ങളോടുള്ള രാജ്യത്തിന്റെ പ്രതികരണത്തിനൊപ്പം ദേശീയസുരക്ഷക്കായി പ്രതിരോധ, നയതന്ത്ര സംവിധാനങ്ങളുടെ പ്രവർത്തനവും വിദ്യാർഥികളിലെത്തിക്കാൻ ലക്ഷ്യമിടുന്നതായി എൻ.സി.ഇ.ആർ.ടി വൃത്തങ്ങൾ പറഞ്ഞു.
ഏപ്രിൽ 22നുണ്ടായ പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മേയ് ഏഴിന് നടത്തിയ തിരിച്ചടിയിൽ പാകിസ്താനിലെയും പാക്കധീന കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ സേന തകർത്തു. നൂറിലേറെ ഭീകരരെ വധിച്ചെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. ഓപറേഷൻ സിന്ദൂറിനു പുറമെ മിഷൻ ലൈഫ്, ചന്ദ്രയാന്‍, ആദിത്യ എൽ1, ശുഭാംഷു ശുക്ല ഭാഗമായ ആക്സിയം 4 ദൗത്യം തുടങ്ങി രാജ്യത്തിന് അഭിമാനം പകർന്ന നിമിഷങ്ങള്‍ പാഠ്യപദ്ധതിയുടെ പ്രധാന ഭാഗമാകുമെന്ന് ദേശീയ വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
ഓപറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല -സംയുക്തസേനാ മേധാവി
ന്യൂഡൽഹി: ഓപറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും ഇപ്പോഴും തുടരുകയാണെന്നും സംയുക്തസേനാ മേധാവി ജനറൽ അനിൽ ചൗഹാൻ. വർഷം മുഴുവൻ 24 മണിക്കൂറും സേന സർവസന്നാഹത്തോടെയാണ് നിലകൊള്ളുന്നതെന്ന് പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുക്കവേ ജനറൽ ചൗഹാൻ വ്യക്തമാക്കി.
യുദ്ധത്തിലും അറിവിലും സൈന്യത്തിന് ഒരുപോലെ പ്രാവീണ്യം വേണം. യുദ്ധത്തിന് മൂന്ന് തലങ്ങളാണ്: അടവുകൾ, പ്രവൃത്തി, എല്ലാ മേഖലയിലുമുള്ള തന്ത്രപരമായ ആധിപത്യമുറപ്പാക്കൽ. യോദ്ധാവിന് ഈ മൂന്ന് തലങ്ങളിലും പ്രാവീണ്യമുണ്ടാകണം. അടിക്കടിയുള്ള സാങ്കേതികവിദ്യാ പ്രവാഹത്താൽ എല്ലായിടത്തും അസാധാരണവേഗമാണ്. യുദ്ധതന്ത്രങ്ങളുടെ കാര്യത്തിൽ മൂന്നാം വിപ്ലവമാണിപ്പോൾ. അതിന്റെ മുനമ്പിലാണ് നാമിപ്പോൾ. ഒന്നും രണ്ടും തലമുറ യുദ്ധതന്ത്രങ്ങളെ മൂന്നാം തലമുറയുമായി ബന്ധിപ്പിച്ച് മുന്നേറുകയാണെന്നും സംയുക്ത സേനാമേധാവി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.