സംവരണ ബില്ലിന്റെ പേരിൽ എൻ.ഡി.എ രാജ്യത്തെ സ്ത്രീകളെ വഞ്ചിച്ചു -കനിമൊഴി
text_fieldsകോഴിക്കോട്: സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുമെന്ന് വാഗ്ദാനം ചെയ്ത് അവതരിപ്പിച്ച വനിത സംവരണ ബില്ലിലൂടെ എൻ.ഡി.എ സ്ത്രീകളെ വഞ്ചിക്കുകയായിരുന്നുവെന്ന് കനിമൊഴി എം.പി. യു.പി.എ വനിത സംവരണ ബിൽ പാസാക്കാനുദ്ദേശിച്ചത് ഉടൻതന്നെ നടപ്പിലാക്കാൻ വേണ്ടിയായിരുന്നു. എന്നാൽ, എൻ.ഡി.എ ജാതി സെൻസസിനും വാർഡ് വിഭജനത്തിനും ശേഷം മാത്രമേ സ്ത്രീ സംവരണം നടപ്പാക്കൂ എന്ന് ശഠിക്കുന്നു. കേരളവും തമിഴ്നാടും അടക്കമുള്ള പല സംസ്ഥാനങ്ങളും ഇതിന് എതിരുമാണ്. അപ്പോൾ പിന്നെ എന്നാണ് വനിതാ സംവരണ ബിൽ നടപ്പാക്കപ്പെടുക? അതുകൊണ്ടാണ് ഈ രാജ്യത്തെ സ്ത്രീകളെ വഞ്ചിക്കാൻ വേണ്ടി മാത്രമാണ് വനിത സംവരണബിൽ എൻ.ഡി.എ പാസാക്കിയത് എന്ന് പറയേണ്ടിവരുന്നതെന്നും അവർ പറഞ്ഞു.
ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ത്രിവർണോത്സവത്തിന്റെ ഭാഗമായി നടന്ന വനിത മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കനിമൊഴി.
ഇന്ത്യ ആഘോഷിച്ചുകൊണ്ടിരുന്ന മനോഹരമായ വൈവിധ്യത്തെയും വ്യത്യസ്ത നിറങ്ങളെയും ഹിന്ദുത്വ നിരാകരിക്കുന്നു. അതിനുപകരം നമുക്ക് പരിചയമില്ലാത്ത അന്യമായ കാര്യങ്ങൾ നമ്മുടെ മേൽ അടിച്ചേൽപിക്കുകയാണ്.
വിവിധ കേന്ദ്ര സർക്കാർ ഏജൻസികളെ ഉപയോഗിച്ച് അവരെ എതിർക്കുന്ന സംസ്ഥാനങ്ങളെ അവർ പീഡിപ്പിക്കുന്നു. കേരളത്തിനും തമിഴ്നാടിനും ഒരുപാട് സമാനതകൾ ഉണ്ടെന്നും ഫാഷിസത്തിനെതിരെ സംയുക്തമായി പൊരുതുന്ന രണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് ഇവയെന്നും അവർ പറഞ്ഞു. മഹിള കോൺഗ്രസ് ദേശീയ പ്രസിഡന്റ് ജെബി മേത്തർ എം.പി മോഡറേറ്ററായി. മുൻ എം.എൽ.എമാരായ ഷാനിമോൾ ഉസ്മാൻ, സൗമ്യ റെഡ്ഢി, പത്മശ്രീ മീനാക്ഷി അമ്മ, അഡ്വ. കെ. പ്രവീൺകുമാർ, ഡോ. എം. ഹരിപ്രിയ, ഗൗരി പുതിയോത്ത് എന്നിവരും സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.