നീറ്റ് പരീക്ഷതട്ടിപ്പ്: ഒക്ടോബർ 15നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: നീറ്റ് പരീക്ഷതട്ടിപ്പ് സംബന്ധിച്ച് ഒക്ടോബർ 15നകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മദ്രാസ് ഹൈകോടതി തമിഴ്നാട് സി.ബി.സി.െഎ.ഡി പൊലീസിനോട് ആവശ്യപ്പെട്ടു. എൻ.ആർ.െഎ മെഡിക്കൽ സീറ്റ് വിഷയവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ കൃപാകരൻ, വേൽമുരുകൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇൗ ഉത്തരവ് പുറപ്പെടുവിച്ചത്.
നീറ്റ് പരീക്ഷയിലെ ആൾമാറാട്ട തട്ടിപ്പ് തമിഴ്നാട്ടിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നും ബന്ധപ്പെട്ട അധികൃതരുടെ സഹായമില്ലാതെ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
അറസ്റ്റിലായ വിദ്യാർഥികൾ, രക്ഷിതാക്കൾ, പണംകൈമാറ്റം, തട്ടിപ്പുമായി ബന്ധമുള്ള മെഡിക്കൽ കോളജ് അധികൃതർ തുടങ്ങിയ വിശദമായ വിവരങ്ങളോടെ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശിച്ചത്.
പ്രതികളുടെ ജാമ്യാപേക്ഷ എതിർത്ത് സി.ബി.സി.െഎ.ഡി പൊലീസ്
ചെന്നൈ: നീറ്റ് പരീക്ഷ ആൾമാറാട്ട കേസിൽ അറസ്റ്റിലായവർ തേനി ജില്ല കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. വിദ്യാർഥികളായ കെ.വി. ഉദിത്സൂര്യ, പ്രവീൺ, രാഹുൽ, ഇർഫാൻ, ഇവരുടെ രക്ഷിതാക്കളായ വെങ്കടേശൻ, ശരവണൻ, ഡേവിസ്, മുഹമ്മദ് റാഫി എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്നത്. ഇവരിൽ രാഹുലും പ്രവീണും മലയാളികളാണ്. അഭിരാമി എന്ന വിദ്യാർഥിനിയെ കസ്റ്റഡിയിലെടുത്തുവെങ്കിലും കുറ്റകൃത്യം തെളിയിക്കപ്പെടാത്തനിലയിൽ വിട്ടയക്കുകയായിരുന്നു.
കേസ് വിചാരണക്കിടെ ഇർഫാെൻറ പിതാവ് മുഹമ്മദ് റാഫി വ്യാജ ഡോക്ടറാണെന്നും അറിവായി. ഇതിന് പൊലീസ് പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തു. ആൾമാറാട്ടം നടത്തുന്നതിന് ഇടനിലക്കാരായ മലയാളി ബംഗളൂരു മുഹമ്മദ് റഷീദ്, ചെന്നൈ വേദാചലം എന്നിവരെ പൊലീസ് തേടുന്നുണ്ട്. നീറ്റ് പരീക്ഷ കേന്ദ്രം നടത്തിപ്പുകാരനും തിരുവനന്തപുരം സ്വദേശിയുമായ ജോർജ് ജോസഫിനെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും ഇതേവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ഇൗ നിലയിലാണ് ഉദിത്സൂര്യയുടെ പിതാവ് ഡോ. വെങ്കടേശൻ സമർപ്പിച്ചിരുന്ന ജാമ്യാപേക്ഷ വെള്ളിയാഴ്ച തേനി ജില്ല കോടതിയുടെ പരിഗണനക്കെത്തിയത്. എന്നാൽ, പ്രതിക്ക് ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നു പറഞ്ഞ് പ്രോസിക്യൂഷൻ എതിർക്കുകയായിരുന്നു. രാഹുൽ, പിതാവ് ഡേവിസ്, പ്രവീൺ, പിതാവ് ശരവണൻ എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ദിവസത്തേക്ക് മാറ്റി. അതിനിടെ സേലം സെൻട്രൽ ജയിലിൽ കഴിയുന്ന ഇർഫാനെ കസ്റ്റഡിയിൽ വിട്ടുതരണമെന്നാവശ്യപ്പെട്ട് സി.ബി.സി.െഎ.ഡി പൊലീസ് അപേക്ഷ സമർപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.