ചോദ്യങ്ങൾ തെറ്റായ ക്രമത്തിൽ: നീറ്റ് യു.ജി പരീക്ഷാർഥിയുടെ ഉത്തരക്കടലാസ് പുനർ മൂല്യനിർണയം നടത്തണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ചോദ്യങ്ങളുടെ തെറ്റായ ക്രമം കാരണം മാർക്ക് കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടി നീറ്റ്-യു.ജി 2025 പരീക്ഷാർഥി നൽകിയ ഹരജിയിൽ ഉത്തരക്കടലാസ് പുനർമൂല്യ നിർണയം നടത്താൻ ഉത്തരവിട്ട് സുപ്രീംകോടതി. ചോദ്യപേപ്പർ പിൻ ചെയ്തതിലെ പിശകാണെന്നും അപൂർവങ്ങളിൽ അപൂർവ സംഭവമാണെന്നും കേന്ദ്ര സർക്കാർ വാദിച്ചെങ്കിലും ഹരജിക്കാരന് നീതി ലഭിക്കണമെന്ന് ചൂണ്ടിക്കാട്ടി ഉത്തരക്കടലാസ് വീണ്ടും പരിശോധിക്കാൻ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ജസ്റ്റിസ് കെ.വി. വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു.
ഒന്നു മുതൽ 180 വരെ ക്രമത്തിൽ ചോദ്യങ്ങൾക്ക് പകരം ഹരജിക്കാരന് ലഭിച്ച ചോദ്യപേപ്പറിൽ ഒന്നു മുതൽ 27 വരെ ചോദ്യങ്ങളും തുടർന്ന് 54-81 വരെയും അതു കഴിഞ്ഞ് 28-53, ശേഷം 118-151, പിന്നീട് 82-117, അവസാനം 152-180 എന്ന ക്രമത്തിലാണ് ഉണ്ടായിരുന്നത്. എന്നാൽ, ഒ.എം.ആർ ഷീറ്റിൽ ഒന്നു മുതൽ 180 വരെ ക്രമത്തിലായതിനാൽ ചോദ്യ പേപ്പറുമായി പൊരുത്തപ്പെടുന്നില്ലായിരുന്നു. വിദ്യാർഥി മറ്റൊരു ചോദ്യപേപ്പർ ആവശ്യപ്പെട്ടെങ്കിലും നൽകിയതുമില്ല.
അപൂവർമായ സംഭവമാണെന്നും 25 ലക്ഷം ചോദ്യപേപ്പറിൽ ആകെ ഒമ്പത് കേസുകൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തതെന്നും എട്ട് കേസുകൾ രാജസ്ഥാൻ ഹൈകോടതി തള്ളിയെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. അപൂർവമാണെങ്കിലും അല്ലെങ്കിലും വിദ്യാർഥിക്ക് നീതി ലഭിക്കേണ്ടതുണ്ടെന്നും ഒരാഴ്ചക്കകം ഉത്തരക്കടലാസ് പുനഃപരിശോധിച്ച് ഫലം പുറത്തുവിടണമെന്നും കോടതി ഉത്തരവിട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.