ഒമിക്രോൺ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ പൗരൻ രാജ്യം വിട്ട സംഭവത്തിൽ അന്വേഷണം
text_fieldsബംഗളൂരു: ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ പൗരനായ 66കാരൻ ക്വാറൻറീൻ ലംഘിച്ച് രാജ്യം വിട്ട സംഭവത്തിൽ ഹോട്ടലിനെതിരെ ബി.ബി.എം.പി നോട്ടീസ് നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. കോവിഡ് പോസിറ്റീവായി മൂന്നു ദിവസത്തിനുള്ളിൽ ജൊഹാനസ്ബർഗ് ആസ്ഥാനമായുള്ള ഫാർമസി കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായ 66കാരന് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നൽകിയ ബംഗളൂരുവിലെ സ്വകാര്യ ലാബിനെതിരെയും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
പരിശോധന നടത്താതെയാണ് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നൽകിയതെന്ന ആരോപണമാണുള്ളത്. വ്യാജ സർട്ടിഫിക്കറ്റാണോ നൽകിയതെന്നതിൽ ഇതുവരെ വ്യക്തതയില്ല. ബംഗളൂരു വിമാനത്താവളത്തിൽനിന്ന് കോവിഡ് പോസിറ്റിവായി വസന്ത്നഗറിലെ ഹോട്ടലിൽ നിരീക്ഷണത്തിലായിരുന്ന ഇയാൾ ക്വാറൻറീൻ ലംഘിച്ച് കമ്പനിയുടെ യോഗത്തിൽ ഉൾപ്പെടെ പങ്കെടുത്തു.
ഹോട്ടലിൽ ഇയാളെ കാണാനും പലരും വന്നു. കോവിഡ് മാർഗനിർദേശം ലംഘിച്ചതിനാണ് വസന്ത് നഗറിലെ ഷാഗ്രില ഹോട്ടലിനെതിരെ ബി.ബി.എം.പി നോട്ടീസ് നൽകിയത്. ഇതിനിടെ കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിൽനിന്നും ബംഗളൂരുവിലെത്തിയ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ സാമ്പിൾ ജനിതക ശ്രേണീകരണത്തിന് അയച്ചു. 46കാരനായ ഡോക്ടറുടെ സമ്പർക്ക പട്ടികയിലെ പോസിറ്റിവായ അഞ്ചുപേരുടെ ജനിതക ശ്രേണീകരണ പരിശോധനയുടെ ഫലവും വൈകാതെ ലഭിക്കുമെന്നും ബി.ബി.എം.പി അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.