320 ഇന്ത്യക്കാർ എവിടെ? കൈലാസ സരോവർ തീർഥാടകരെ കുറിച്ച് വിവരമൊന്നുമില്ലെന്ന് കേന്ദ്രം
text_fieldsപ്രളയത്തിൽ വേർപെട്ടുപോയ കുടുംബാംഗങ്ങൾ നേപ്പാളിലെ നുവാക്കോട്ട് ക്യാമ്പിൽ കണ്ടുമുട്ടിയപ്പോൾ
ന്യൂഡൽഹി: കൈലാസ സരോവർ യാത്രക്കുപോയി നേപ്പാൾ മിന്നൽ പ്രളയ ദുരന്തത്തിൽപ്പെട്ട 320 ഇന്ത്യക്കാരുടെ ഒരു വിവരവുമില്ലെന്ന് കേന്ദ്ര സർക്കാർ.
ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ ജഗ്ഗി വാസുദേവിന്റെ അനുയായികൾ അടക്കമുള്ള നൂറോളം ഇന്ത്യൻ വംശജരായ വിദേശികൾ ദുരന്തത്തിൽപ്പെട്ടുവെന്നാണ് അനുമാനം. ഇതിനിടെ, ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട് വ്യാഴാഴ്ച കാഠ്മണ്ഡുവിലെത്തിയ 21 തമിഴ്നാട്ടുകാരെ എംബസി സഹായത്തോടെ ഇൻഡിഗോ വിമാനത്തിൽ ന്യൂഡൽഹിയിലെത്തിച്ചു.
ദുരന്തം വിതച്ച ത്രിശൂലി നദിയിലെ ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്തിരുന്ന 63 ഇന്ത്യൻ പൗരന്മാരെ രക്ഷിച്ചതായും ചൈനയിൽ അകപ്പെട്ട 96 പേരെ സുരക്ഷിതരായി നേപ്പാളിലെത്തിച്ചതായും കേന്ദ്ര വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തിബത്ത് സ്വയംഭരണ പ്രദേശത്ത് കുടുങ്ങിയ, കൈലാസ സരോവർ യാത്രികരായ 400 ഇന്ത്യക്കാരുമായി എംബസി ബന്ധപ്പെട്ടിട്ടുണ്ട്. എല്ലാവരും സുരക്ഷിതരാണ്. അവർ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
രക്ഷാപ്രവർത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയെ അയക്കാമെന്നും സാങ്കേതിക സഹായം നൽകാമെന്നും നേപ്പാൾ സർക്കാറിനെ അറിയിച്ചുവെങ്കിലും അവരുടെ ഭാഗത്തുനിന്ന് മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കി. വിദേശ രക്ഷാപ്രവർത്തകർ രക്ഷാ പ്രവർത്തനത്തിന് വരേണ്ടതില്ലെന്ന നിലപാടാണ് നേപ്പാൾ സ്വീകരിച്ചിരിക്കുന്നത്. സാമ്പത്തിക സഹായങ്ങൾ പ്രധാനമന്ത്രിയുടെ ഫണ്ട് വഴി നൽകിയാൽ മതിയെന്നും നേപ്പാൾ അറിയിച്ചിരിക്കുകയാണ്.
അതേസമയം, നേപ്പാളിൽ അകപ്പെട്ട 68 മലയാളികളിൽ 60 പേരും സുരക്ഷിതരാണെന്ന് വിവരം ലഭിച്ചതായി നോർക്ക. എന്നാൽ, എട്ടു പേരുമായി ഇതുവരെ ബന്ധപ്പെടാനായിട്ടില്ല. ഇവരിൽ നാല് പേർ ആസ്ട്രേലിയന് പൗരത്വമുളള മലയാളികളാണ്. ബാക്കി നാലുപേർ കൊല്ലം, നോർത്ത് പറവൂർ, കണ്ണൂർ എന്നിവിടങ്ങളിൽനിന്നുള്ളവരുമാണെന്നും നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ രാജേഷ് മാധവൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

