ട്രംപിന്റെ പ്രസ്താവനകൾ വരാനിരിക്കുന്ന സംഭവബഹുലമായ നാളുകളുടെ സൂചനയെന്ന് ശശി തരൂർ
text_fieldsഡൊണാൾഡ് ട്രംപ്, ശശി തരൂർ
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പ്രാരംഭ പ്രസ്താവനകൾ വിലയിരുത്തുമ്പോൾ, വരാനിരിക്കുന്നത് സംഭവബഹുലമായ നാളുകളെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ഇന്ത്യ-യു.എസ് ബന്ധം നല്ല നിലയിലായിരിക്കുമെന്ന പ്രത്യാശയും തരൂർ പ്രകടിപ്പിച്ചു.
47-ാമത് അമേരിക്കൻ പ്രസിഡന്‍റായി ട്രംപ് ചുമതലയേൽക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമങ്ങളോട് മറുപടി പറയുകയായിരുന്നു തരൂർ. ‘വരാനിരിക്കുന്നത് സംഭവബഹുലവും താൽപര്യജനകവുമായ നിമിഷങ്ങളായിരിക്കും. തുടക്കത്തിലെ ട്രംപിന്റെ പ്രസ്താവനകൾ അദ്ദേഹം പ്രസിഡന്റായിരിക്കുന്ന സമയത്ത് വിരസവേളകൾ ഉണ്ടാകില്ലെന്നതിന്റെ സൂചനകളാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, അടിസ്ഥാനപരമായി യു.എസുമായുള്ള ബന്ധം നല്ല നിലയിലാണെന്ന് കരുതുന്നു. ചുരുക്കം ചില വെല്ലുവിളികൾ മാറ്റിനിർത്തിയാൽ, ട്രംപിന്‍റെ ആദ്യ ടേമിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കരുത്തുറ്റതായിരുന്നുവെന്നും മുൻ വിദേശകാര്യ സഹമന്ത്രി കൂടിയായ തരൂർ ചൂണ്ടിക്കാട്ടി.
ഏപ്രിലിൽ തന്നെ ട്രംപ് ഇന്ത്യയിലേക്ക് വരുമെന്ന് ഇതിനകം തന്നെ അഭ്യൂഹമുണ്ടെന്നും അങ്ങനെ സംഭവിക്കുകയാണെങ്കിൽ, അത് വളരെ നല്ല സൂചനയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ ഉൽപന്നങ്ങളുടെ തീരുവ എടുത്തുകളയാൻ ഇന്ത്യയ്‌ക്ക് മേൽ സമ്മർദം ഉണ്ടാകും. അല്ലെങ്കിൽ അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ ഉയർന്ന തീരുവയാകും ഫലം. അത് ആശങ്കപ്പെടേണ്ട കാര്യമാണെന്നും തരൂർ പറഞ്ഞു.
അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരുടെ ജീവിതത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും ശശി തരൂർ പറഞ്ഞു. നിയമപരമായ ഇന്ത്യൻ കുടിയേറ്റക്കാരെ ബാധിക്കില്ലെങ്കിലും ആളുകളെ പുറത്താക്കാനുള്ള ട്രംപിന്‍റെ ഗുരുതരമായ ശ്രമത്തിന് ഇരകളാകുന്ന ധാരാളം അനധികൃത കുടിയേറ്റക്കാരുമുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി രൂപയുടെ മൂല്യം ഇടിയുന്നത് മറ്റൊരു ആശങ്കയാണെന്ന് തരൂർ പറഞ്ഞു. കയറ്റുമതി വർധിപ്പിച്ചാൽ മാത്രമേ പിടിച്ചുനിൽക്കാനാവൂ എന്നും തരൂർ അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.