കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ തടയാൻ നിയമം വരുന്നു; സുപ്രീം കോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രം
text_fieldsന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും അനുവാദമില്ലാതെ പങ്കുവെക്കുന്ന സ്വകാര്യ ദൃശ്യങ്ങളും തടയാൻ പുതിയ ബില്ലുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച ചർച്ചകൾ വിവിധ മന്ത്രാലയങ്ങൾ തമ്മിൽ പുരോഗമിക്കുകയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിനെയാണ് സർക്കാർ നിലപാട് അറിയിച്ചത്. ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ, മോർഫ് ചെയ്ത വീഡിയോകൾ, പ്രണയബന്ധം തകർന്നതിന് ശേഷം മുൻ പങ്കാളിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രതികാര മനോഭാവത്തോടെ പ്രചരിപ്പിക്കുന്നതുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ ശക്തമായ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ ഉദയ് മഹൂർക്കറും പ്രജ്വല എന്ന സന്നദ്ധ സംഘടനയും നൽകിയ ഹരജികളിലാണ് സർക്കാർ മറുപടി നൽകിയത്. ഹരജികളെ എതിർക്കുന്നില്ലെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
നിലവിൽ ഐടി നിയമത്തിലെ 66ഇ, 67, 67എ, 67ബി വകുപ്പുകളും പോക്സോ നിയമവും അനുസരിച്ചാണ് ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നത്. എന്നാൽ ഇത്തരം കേസുകളിൽ ഇരയായ വ്യക്തിക്ക് മാത്രമേ പരാതി നൽകാൻ കഴിയൂ എന്നതും, ഉള്ളടക്കം നീക്കം ചെയ്യാൻ മണിക്കൂറുകളോളം സമയമെടുക്കുന്നുവെന്നതും വലിയ വെല്ലുവിളിയാണെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ഇതിൽ മാറ്റം വേണമെന്നാണ് സർക്കാരിന്റെ നിലപാട്. അശ്ലീല ഉള്ളടക്കം കണ്ടാൽ ഉടൻ നീക്കം ചെയ്യുക മാത്രമല്ല മറിച്ച് ഏത് അക്കൗണ്ടിൽ നിന്നും ഏത് ഡിജിറ്റൽ ഉപകരണത്തിൽ നിന്നുമാണ് അത് അപ്ലോഡ് ചെയ്തതെന്ന് കണ്ടെത്തി, ഇടനിലക്കാരായ സോഷ്യൽ മീഡിയ കമ്പനികൾ തന്നെ പൊലീസിൽ പരാതി നൽകണം. ആർക്കും ഇത്തരം ഉള്ളടക്കങ്ങൾക്കെതിരെ പരാതി നൽകാൻ കഴിയുന്ന തരത്തിലും, ഓട്ടോമാറ്റിക് ഡിറ്റക്ഷൻ സംവിധാനം നിർബന്ധമാക്കുന്ന തരത്തിലുമാകണം പുതിയ നിയമമെന്നാണ് ചർച്ച.
ഇത്തരം കുറ്റകൃത്യങ്ങൾ ഇരകളിൽ ആജീവനാന്ത മാനസിക ആഘാതം ഉണ്ടാക്കുമെന്നും ശക്തമായ നിയമപരമായ ഇടപെടൽ അനിവാര്യമാണെന്നും നിരീക്ഷിച്ച ബെഞ്ച്, ചർച്ചകളുടെ പുരോഗതി അറിയിക്കാൻ കേന്ദ്രത്തിന് നാലാഴ്ച സമയം അനുവദിച്ചു.

