രാജ്യത്ത് എണ്ണ വില വർധിക്കും, യു.പിയിലും ഗുജറാത്തിലും തെരഞ്ഞെടുപ്പും; മോദിക്ക് തലവേദനയായി റഷ്യൻ ഉപരോധ ബിൽ
text_fieldsന്യൂഡൽഹി: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും സമ്മർദത്തിനു വഴങ്ങില്ലെന്നും ഇന്ത്യ യു.എസിന് മുന്നറിയിപ്പ് നൽകിയിട്ടും ഫലമുണ്ടായില്ല, എതിർപ്പ് അവഗണിച്ചാണ് പ്രഡിസന്‍റ് ഡോണൾഡ് ട്രംപ് റഷ്യൻ ഉപരോധ ബില്ലിൽ ഒപ്പുവെച്ചിരിക്കുന്നത്. യു.എസ് സമ്മർദത്തിനു വഴങ്ങി റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി വെട്ടികുറക്കുകയാണെങ്കിൽ അത് രാജ്യത്ത് എണ്ണവിലയിൽ വലിയ വർധനക്ക് കാരണമാകും. നിലവിൽ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും വരുന്നത് റഷ്യയിൽനിന്നാണ്. മറുവശത്ത്, ഇതിന്‍റെ പേരിൽ പിഴത്തീരുവ ചുമത്തുകയാണെങ്കിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിപണികളിലൊന്നായ യു.എസിലേക്കുള്ള കയറ്റുമതിയെ സാരമായി ബാധിക്കും.
ശരിക്കും പറഞ്ഞാൽ, അത്ര എളുപ്പത്തിൽ പരിഹരിക്കാനാവാത്ത ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് നരേന്ദ്ര മോദിയും കേന്ദ്ര സർക്കാറും. ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളായ ഉത്തർപ്രദേശിലും ഗുജറാത്തിലും അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എണ്ണ വില വർധിക്കുന്നത് ജനങ്ങളിൽനിന്ന് വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തും. പഞ്ചാബിലും അടുത്ത വർഷം തന്നെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരുപക്ഷേ പാർട്ടിക്ക് ഈ സംസ്ഥാനങ്ങളിൽ വലിയ തിരിച്ചടി നേരിടാനും സാധ്യതയുണ്ട്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ, യു.എസ് കോൺഗ്രസിൽ അവതരിപ്പിച്ച പുതിയ ബില്ലിനെതിരെ ശക്തമായ പ്രതികരണമാണ് നടത്തിയത്. റഷ്യൻ എണ്ണ വൻതോതിൽ വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ താരിഫ് ചുമത്താൻ വ്യവസ്ഥ ചെയ്യുന്നതാണ് ഈ ബിൽ.
യുക്രെയ്ൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ പശ്ചാത്ത്യരാജ്യങ്ങൾ റഷ്യക്കുമേൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയപ്പോൾ ഇന്ത്യക്ക് കുറഞ്ഞവിലക്ക് എണ്ണ നൽകാൻ റഷ്യ തയാറാവുകയായിരുന്നു. കോടിക്കണക്കിന് രൂപ ലാഭിക്കാൻ ഇന്ത്യക്ക് ഇതിലൂടെ കഴിഞ്ഞിരുന്നു. എന്നാൽ ഈ നയം ഇപ്പോൾ ഇന്ത്യയുടെ മറ്റ് തന്ത്രപരവും വാണിജ്യപരവുമായ താൽപര്യങ്ങളുമായി ഏറ്റുമുട്ടുന്ന സാഹചര്യമാണ് ഉള്ളത്. 1.4 കോടി ജനങ്ങളുടെ ഊർജ സുരക്ഷ ഉറപ്പാക്കാൻ വിവിധ ഉറവിടങ്ങളിൽനിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്നും യു.എസിന്‍റെ നീക്കം ഉഭയകക്ഷി ബന്ധത്തെയും ആഗോള ഊർജ വിപണിയെയും തകർക്കുമെന്നും ഇന്ത്യ യു.എസിന് മുന്നറിയിപ്പ് നൽകിയിരുന്നു.
കൂടാതെ, ഹൂത്തി ആക്രമണത്തെ തുടർന്ന് സൗദി അറേബ്യയിൽനിന്നുള്ള എണ്ണ വരവിലും വരുംദിവസങ്ങളിൽ കുറവുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് രാജ്യത്ത് ഊർജപ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും. ഇന്ത്യ-യു.എസ് വ്യാപാര കരാർ സംബന്ധിച്ച ചർച്ചകളും എങ്ങുമെത്താതെ നീളുന്നതിനിടെയാണ് തീരുവ ചുമത്താനുള്ള ബില്ലിൽ ട്രംപ് ഒപ്പുവെക്കുന്നത്.ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ തീരുവയുടെ പേരിൽ നേരത്തെ തന്നെ ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര തർക്കം നിലനിൽക്കുന്നുണ്ട്. റഷ്യൻ ഉപരോധ ബില്ലിന്‍റെ പേരിൽ വീണ്ടും തീരുവ ചുമത്തുകയാണെങ്കിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകും. ഇന്ത്യയും ചൈനയുമാണ് റഷ്യൻ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ ഉപഭോക്താക്കൾ.
ബില്ലിനെതിരെ പ്രതിപക്ഷം ഇതിനകം തന്നെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. യു.എസിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ തയാറാവണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ദശാബ്ദങ്ങളായി അമേരിക്ക ചൈനക്കെതിരെയുള്ള ഒരു തന്ത്രപ്രധാനമായ പ്രതിരോധമായി ഇന്ത്യയെ കൂടെനിർത്തിയിരുന്നു. എന്നാൽ ട്രംപിന്‍റെ നിലപാടുകൾ പലതും ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായിരുന്നു.
റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ 2025 ആഗസ്റ്റിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് മേൽ 50 ശതമാനം വരെ തീരുവ ചുമത്താനുള്ള നീക്കം ഇതിലൊന്നായിരുന്നു. ഫെബ്രുവരിയിൽ, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താമെന്ന് ഇന്ത്യ നൽകിയ ഉറപ്പിനെ തുടർന്നാണ് തീരുവ പിൻവലിച്ചത്. 2026ന്‍റെ തുടക്കത്തിൽ റഷ്യയിൽ നിന്നുള്ള ഇറക്കുമതി തൽക്കാലത്തേക്ക് കുറച്ചിരുന്നു. എന്നാൽ, യു.എസിന്റെയും ഇസ്രായേലിന്റെയും ഇറാൻ ആക്രമണത്തെ തുടർന്ന് എണ്ണ വിതരണം തടസ്സപ്പെട്ടതോടെ വീണ്ടും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് വർധിപ്പിക്കുകയായിരുന്നു. യുക്രെയ്ൻ യുദ്ധത്തിന് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിലൂടെ ധനസഹായം നൽകുന്നില്ലെന്നും, മറിച്ച് ആഗോള വിതരണം സുസ്ഥിരമാക്കാനും ആഭ്യന്തര വില നിയന്ത്രിക്കാനും മാത്രമാണ് ഇത് സഹായിക്കുന്നതെന്നും ഇന്ത്യയുടെ നിലപാട്.
100 ശതമാനം വരെ താരിഫ് ഏർപ്പെടുത്തുന്നത് ഇന്ത്യൻ കയറ്റുമതിക്കാരെയും അമേരിക്കൻ ഉപഭോക്താക്കളെയും ശിക്ഷിക്കുന്നതിനും വ്യാപാരം തടസ്സപ്പെടുത്തുന്നതിനും പ്രധാന പങ്കാളികൾക്ക് മേൽ അമിത അധികാരം യു.എസ് പ്രസിഡന്റിന് നൽകുന്നതിനും മാത്രമേ ഉപകരിക്കൂവെന്ന് എന്ന് ന്യൂഡൽഹി ആസ്ഥാനമായുള്ള ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവിന്റെ സ്ഥാപകനും മുൻ വ്യാപാര മന്ത്രാലയ ഉദ്യോഗസ്ഥനുമായ അജയ് ശ്രീവാസ്തവ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

