‘‘പ്രോസിക്യൂഷൻ പരാജയപ്പെട്ടതുകൊണ്ട് കുറ്റാരോപണം തെറ്റാണെന്നർഥമില്ല’’
text_fieldsന്യൂഡൽഹി: കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയമായതുകൊണ്ട് മാലേഗാവ് സ്ഫോടന കേസിലെ പ്രതികൾക്കെതിരായ, വിശേഷിച്ചും ലഫ്റ്റനന്റ് കേണൽ പുരോഹിതിനെതിരായ കുറ്റാരോപണങ്ങൾ അടിസ്ഥാനരഹിതവും അടിത്തറ ഇല്ലാത്തതുമാണെന്ന് അർഥമില്ലെന്ന് പ്രത്യേക എൻ.ഐ.എ കോടതി അവരെ വെറുതെ വിട്ടുള്ള വിധിയിൽ വ്യക്തമാക്കി.
ഹിന്ദു രാഷ്ട്ര നിർമാണം ലക്ഷ്യമിട്ട് സ്ഥാപിച്ച അഭിനവ് ഭാരതിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് കേണൽ പുരോഹിത് എന്ന് ഓർമിപ്പിച്ച വിചാരണ കോടതി അതിനാൽതന്നെ ക്രിമിനൽ നടപടി ക്രമം 197ാം വകുപ്പ് പ്രകാരം പ്രോസിക്യൂഷൻ നടപടിക്ക് മുൻകൂർ അനുമതി വേണമെന്ന കേണൽ പുരോഹിതിന്റെ വാദം തള്ളിക്കളഞ്ഞു. അഭിനവ് ഭാരതിനെപ്പോലുള്ള വിധ്വംസക സംഘടനകളിൽനിന്നുള്ള വിവരശേഖരണം തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായിരുന്നു എന്നും അതുകൊണ്ടാണ് അതിന്റെ ഭാഗമായതെന്നുമുള്ള കേണൽ പുരോഹിതിന്റെ വാദവും പ്രത്യേക ജഡ്ജി എ.കെ. ലഹോട്ടി തള്ളി.
കേണൽ പുരോഹിത് നടത്തിയ പ്രവർത്തനങ്ങൾ സൈനിക കൃത്യത്തിന്റെ ഭാഗമായിരുന്നില്ല. ഹിന്ദു രാഷ്ട്ര നിർമാണം ലക്ഷ്യമിട്ട് സ്ഥാപിച്ച അഭിനവ് ഭാരതിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് കേണൽ പുരോഹിത്. അതിന്റെ സജീവ അംഗങ്ങളിൽ ഒരാളുമാണ്. കോടതിയുടെ മുന്നിലുള്ള രേഖകൾ പ്രകാരം കേണൽ പുരോഹിത് അഭിനവ് ഭാരത് ട്രസ്റ്റിന്റെ ട്രസ്റ്റിമാരിൽ ഒരാളാണ് -കോടതി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.