ഇന്ത്യയിൽ ഭീകരാക്രമണ ആസൂത്രണം: പാക് നയതന്ത്രജ്ഞന് എൻ.ഐ.എ കോടതി സമൻസ്
text_fieldsചെന്നൈ: ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പാകിസ്താൻ നയതന്ത്രജ്ഞൻ അമീർ സുബൈർ സിദ്ദീഖിക്ക് ചെന്നൈ എൻ.ഐ.എ കോടതി സമൻസ് അയച്ചു. ഒക്ടോബർ 15ന് ഹാജരാകണമെന്നാണ് നിർദേശം. സമൻസിൽ കറാച്ചിയിലെ വിലാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2009 മുതൽ 2016 വരെ ശ്രീലങ്കയിലെ പാകിസ്താൻ ഹൈകമീഷനിൽ ‘വിസ കൗൺസലർ’ ആയി ജോലി ചെയ്തിരുന്ന ഇദ്ദേഹം ഇന്ത്യയിലെ യു.എസ്, ഇസ്രായേൽ കോൺസുലേറ്റുകൾ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും ഇന്ത്യയിൽ ചാരവൃത്തിയിലും ഭീകരപ്രവർത്തനങ്ങളിലും ഏർപ്പെടാൻ ആളുകളെ പ്രേരിപ്പിച്ചതായും എൻ.ഐ.എ കണ്ടെത്തിയിരുന്നു.
കേസിൽ സിദ്ദീഖിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ക്രിമിനൽ ഗൂഢാലോചന, വ്യാജ കറൻസി വിതരണം എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ കോടതി ചുമത്തിയത്.
സിദ്ദീഖിയുടെ നിർദേശപ്രകാരം ആക്രമണം നടത്താൻ 2014 മാർച്ചിൽ ഇന്ത്യയിലെത്തിയ ശ്രീലങ്കൻ പൗരൻ മുഹമ്മദ് സാക്കിർ ഹുസൈനെ ചെന്നൈയിൽ അറസ്റ്റ് ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.