ഭീഷണിപ്പെടുത്തി പണംതട്ടൽ; മ്യാന്മർ സ്വദേശി ഉൾപ്പെടെ മൂന്നുപേർക്ക് കുറ്റപത്രം
text_fieldsrepresentational image
ഇംഫാൽ: മണിപ്പൂരിൽ നിരോധിത തീവ്രവാദ സംഘടനകളിലെ അംഗങ്ങൾ നാട്ടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസിൽ മ്യാന്മർ പൗരൻ ഉൾപ്പെടെ മൂന്നു പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കുറ്റപത്രം സമർപ്പിച്ചു. മ്യാന്മറിൽനിന്നുള്ള ഖിൻമൗങ് എന്ന ദീപക് ശർമ (38), മണിപ്പൂർ സ്വദേശികളായ സൂരജ് ജസിവാൾ (33), ഷൈഖോം ബ്രൂസ് മീതേയ് (38) എന്നിവർക്കെതിരെയാണ് പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. മൂന്നു പേർക്കെതിരെയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യു.എ.പി.എ), ഇന്ത്യൻ ശിക്ഷാനിയമം എന്നിവ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ദീപക് ശർമക്കെതിരെ വിദേശ നിയമപ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ടെന്ന് എൻ.ഐ.എ വക്താവ് പറഞ്ഞു.
നിരോധിത സംഘടനകളായ പീപ്ൾസ് റെവലൂഷനറി ആർമി, കംഗ്ലീപാക് കമ്യൂണിസ്റ്റ് പാർട്ടി, പീപ്ൾസ് റെവലൂഷനറി പാർട്ടി ഓഫ് കാംഗ്ലീപാക്, യുനൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ട് തുടങ്ങിയവയുടെ പ്രവർത്തകർ ഇംഫാലിലും താഴ്വര പ്രദേശങ്ങളിലുമുള്ള ആളുകളിൽനിന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.
സംഘടനകൾക്കായി ഫണ്ട് ശേഖരിക്കുകയായിരുന്നു ഉദ്ദേശ്യം. കൂട്ടാളികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകി അതിലേക്ക് പണം നിക്ഷേപിക്കാൻ നാട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ കഴിഞ്ഞ വർഷം മാർച്ച് ഒമ്പതിനാണ് എൻ.ഐ.എ സ്വമേധയാ കേസെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.