നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചു; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം
text_fieldsന്യൂഡൽഹി: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ചു. യെമനിലെ നിമിഷ പ്രിയയുടെ നാളെ നടത്താൻ നിശ്ചയിച്ചിരുന്ന വധശിക്ഷ മാറ്റിവെച്ചതായി അറിയാൻ കഴിഞ്ഞു എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ ഉദ്യോഗസ്ഥർ ജയിൽ അധികൃതരുമായും പ്രോസിക്യൂട്ടറുടെ ഓഫീസുമായും നിരന്തരം ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് ഇന്നലെയും ഇന്നും കൊല്ലപ്പെട്ട യുവാവിന്റെ കുടുംബവും മറ്റു പ്രമുഖരും പങ്കെടുത്ത യോഗം യെമനിൽ ചേർന്നിരുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്നുണ്ടായ ചർച്ചകൾ എല്ലാ വിധത്തിലും അനുകൂലമായി നീങ്ങുകയാണെന്ന് സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. സുഭാഷ് ചന്ദ്രൻ ഇന്ന് രാവിലെ അറിയിച്ചിരുന്നു. നാളത്തെ ശിക്ഷ നൽകുന്ന നടപടി താൽക്കാലികമായി നീട്ടിവെക്കുക എങ്കിലും ചെയ്യണം എന്ന കാന്തപുരത്തിന്റെ ആവശ്യം യമൻ ഭരണകൂടം ഇന്ന് പരിഗണിക്കുമെന്നും സുഭാഷ് ചന്ദ്രൻ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നാളെ വധശിക്ഷ നടപ്പിലാക്കാനിരിക്കെ വധശിക്ഷ മാറ്റിവെച്ച നിർണായക വിവരം പുറത്തുവന്നിരിക്കുന്നത്.
പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിയായ നിമിഷ പ്രിയ, യെമന്റെ തലസ്ഥാനമായ സൻആയിലെ ജയിലിലാണ് ഇപ്പോൾ കഴിയുന്നത്. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതിനാൽ, കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗം. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കവെയാണ് വധശിക്ഷ മാറ്റിവെച്ചതായ വിവരം പുറത്തുവന്നിരിക്കുന്നത്.
നിമിഷ പ്രിയ യെമനിൽ ജോലി ചെയ്യവെ 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യമൻ പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പോലീസ് അറസ്റ്റ് ചെയ്തു. വിചാരണക്ക് ശേഷം 2018ലാണ് യെമന്‍ കോടതി വധശിക്ഷക്ക് വിധിച്ചത്. വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി നേരത്തേ അനുമതി നൽകിയിരുന്നു. തലാലിന്റെ കുടുംബത്തെ നേരില്‍ കണ്ട് മാപ്പപേക്ഷിക്കുന്നതിന് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനില്‍ പോയിരുന്നു.
സമയം നീട്ടിക്കിട്ടാൻ കൂട്ടായ ശ്രമമെന്ന് വിദേശ മന്ത്രാലയം
ഹൂതികളുടെ നിയന്ത്രണത്തിലായ യമനെ ഇന്ത്യ നയതന്ത്രതലത്തില്‍ അംഗീകരിച്ചിരുന്നില്ല. അതിനാല്‍ സർക്കാർതലത്തിലുള്ള നയതന്ത്ര ഇടപെടല്‍ ഏതാണ്ട് അസാധ്യമായിത്തീർന്നു. സാധ്യമായത് ചെയ്തുവെന്നും ഇനി ഇക്കാര്യത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും വിദേശ മന്ത്രാലയം സുപ്രീംകോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യമനിലെ ശൈഖ് മുൻകൈ എടുത്ത് ചില നീക്കങ്ങൾ നടത്തുന്നുണ്ടെന്നും വിദേശ മന്ത്രാലയം അറ്റോണി ജനറൽ മുഖേന ബോധിപ്പിച്ചു.
വധശിക്ഷ മാറ്റിവെച്ചത് ചൊവ്വാഴ്ച സ്ഥിരീകരിച്ച വിദേശ മന്ത്രാലയ വൃത്തങ്ങൾ, തുടക്കം മുതൽ വിഷയത്തിൽ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്തുവരുന്നുണ്ടെന്ന് പറഞ്ഞു. ഇരു കൂട്ടർക്കുമിടയിൽ രമ്യമായ ഒത്തുതീർപ്പിന് കൂടുതൽ സമയം അനുവദിച്ചുകിട്ടാൻ കൂട്ടായ ശ്രമങ്ങൾ നടത്തിയെന്നും മന്ത്രാലയം തുടർന്നു. വിഷയം വൈകാരികമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ വധശിക്ഷ നീട്ടിവെക്കാനായി യമനിലെ പ്രാദേശിക ഭരണകൂടവുമായും പ്രോസിക്യൂട്ടറുടെ ഓഫിസുമായും നിരന്തര സമ്പർക്കത്തിലായിരുന്നുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
വഴിമുട്ടിയ ഘട്ടത്തിൽ വഴി തുറന്ന് കാന്തപുരം
നിമിഷപ്രിയയുടെ വധശിക്ഷ മേൽകോടതി ശരിവെച്ചതു മുതൽ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചും യമനിലുള്ള അഡ്വ. സാമുവല്‍ ജെറോം വഴിയും നീക്കങ്ങൾ നടത്തിയിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഈ ദിശയിൽ നീക്കങ്ങൾ നടത്തി. ഇതിനായി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയെ യമനിലെത്തിച്ചിട്ടും സൻആയിലെ ജയിലിൽ എത്തി അവർ മകളെ കണ്ടിട്ടും മോചനത്തിനുള്ള വഴി തെളിഞ്ഞില്ല. വധശിക്ഷ വിധിച്ചതു മുതൽ തലാലിന്റെ കുടുംബത്തെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.
ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും മുഖം കൊടുക്കലിനും കുടുംബം തയാറായിരുന്നില്ല. തലാലിന്റെ അതിക്രൂരമായ കൊലപാതകം കുടുംബവും ഗോത്രവുമെല്ലാം അത്യന്തം വൈകാരിക പ്രശ്നമായെടുത്തതോടെ ദിയാധന ചര്‍ച്ചകളെല്ലാം വഴിമുട്ടി. ഈ ഘട്ടത്തിലായിരുന്നു കാന്തപുരത്തിന്റെ ഇടപെടൽ. പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍ അഭ്യര്‍ഥിച്ചതിനെ തുടർന്നാണ് കേസില്‍ ഇടപെട്ടതെന്നും ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിരുന്നുവെന്നും കാന്തപുരം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.