മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷ്ണറെ ‘മുസ്‌ലിം കമീഷ്ണർ’ എന്ന് വിളിച്ച് നിഷികാന്ത് ദുബെ
text_fieldsന്യൂഡൽഹി: സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെയും കുറിച്ചുള്ള വിവാദ പ്രസ്താവനകളെ തുടർന്ന് നിഷികാന്ത് ദുബേക്കെതിരെ പ്രതിഷേധം കനക്കവെ, വീണ്ടും വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ് രംഗത്തെത്തി. മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമീഷ്ണർ എസ്.വൈ. ഖുറൈഷിയെ ‘മുസ്‌ലിം കമീഷ്ണർ’ എന്നാണ് ദുബെ വിശേഷിപ്പിച്ചത്.
മുസ്‌ലിംകളുടെ ഭൂമി തട്ടിയെടുക്കാനുള്ള സർക്കാറിന്റെ ഒരു ദുഷ്ട പദ്ധതിയാണ് വഖഫ് നിയമം എന്നതിൽ സംശയമില്ല. സുപ്രീം കോടതി ഇതിനെ ശക്തമായി എതിർക്കുമെന്ന് ഉറപ്പുണ്ട്. ദുഷ്ട പ്രചാരണ യന്ത്രത്തിന്റെ തെറ്റായ വിവരങ്ങൾ അതിന്റെ ജോലി ഭംഗിയായി നിർവഹിച്ചു -എന്ന് ദിവസങ്ങൾക്ക് മുമ്പ് എസ്.വൈ. ഖുറൈഷി എക്സിൽ വിമർശനമുന്നയിച്ചിരുന്നു. ഇതിനെ വിമർശിച്ചാണ് ഖുറൈഷിക്കെതിരെ ദുബെ വിദ്വേഷ പരാമർശം നടത്തിയത്.
താങ്കൾ ഒരു തിരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നില്ല, ഒരു മുസ്‌ലിം കമീഷണറായിരുന്നു. നിങ്ങളുടെ ഭരണകാലത്ത് ഝാർഖണ്ഡിലെ സന്താൽ പർഗാനയിലാണ് ഏറ്റവും കൂടുതൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ വോട്ടർമാരാക്കിയത് -എന്നാണ് ദുബെ പറഞ്ഞത്.
അതേസമയം, സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്കുമെതിരെ നിന്ദ്യമായ ഭാഷയിൽ കടന്നാക്രമണം നടത്തിയ ബി.ജെ.പി നേതാവ് നിഷികാന്ത് ദുബെക്കെതിരെ പ്രതിഷേധം കനത്തിരിക്കുകയാണ്. സുപ്രീംകോടതി രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുകയാണെന്നും രാജ്യത്ത് നടക്കുന്ന ആഭ്യന്തര യുദ്ധങ്ങൾക്ക് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഉത്തരവാദിയെന്നുമാണ് ബി.ജെ.പിയുടെ ലോക്സഭാ എം.പി നിഷികാന്ത് ദുബെ പറഞ്ഞത്.
സുപ്രീംകോടതിയിലെ അഡ്വക്കറ്റ്സ് ഓൺ റെക്കോഡുമാരിലൊരാളായ അനസ് തന്‍വീർ, ദുബെക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അറ്റോണി ജനറല്‍ ആര്. വെങ്കട്ടരമണിക്ക് കത്തെഴുതിയിരിക്കുകയാണ്. സുപ്രീംകോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡന്റും സംഭവത്തെ അപലപിച്ചു. പ്രതിഷേധം കനത്തതോടെ സുപ്രീംകോടതിയെ കടന്നാക്രമിച്ച ബി.ജെ.പി നേതാക്കളെ പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡ തള്ളിപ്പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.