വൈദ്യപഠനത്തിന് പ്രായപരിധിയില്ല -സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: വൈദ്യ പഠനത്തിന് പ്രായപരിധി വെക്കേണ്ടെന്ന് ഉത്തരവിട്ട സുപ്രീംകോടതി മെഡിക്കൽ, ഡെൻറൽ ഏകീകൃത പൊതുപ്രവേശന പരീക്ഷ (നീറ്റ്) എഴുതാന്‍ ഏപ്രിൽ അഞ്ചുവരെ സമയം നൽകി. നീറ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി കഴിഞ്ഞമാസം അവസാനിച്ചിരുന്നതിനാൽ നേരത്തെ നിശ്ചയിച്ച പ്രായപരിധിക്ക് മുകളിലുള്ളവർക്ക് അപേക്ഷിക്കാനാണ് തീയതി നീട്ടിയത്.
നീറ്റ് ഉർദുഭാഷയില്‍കൂടി എഴുതാനുള്ള അവസരം വേണമെന്നാവശ്യപ്പെട്ട് സ്റ്റുഡൻറ്സ് ഇസ്ലാമിക് ഒാർഗനൈസേഷൻ എസ്.െഎ.ഒ സമർപ്പിച്ച ഹരജിക്കിടയിലാണ് പ്രായപരിധിക്കെതിരെ വിദ്യാർഥികൾ കക്ഷി ചേർന്നത്. നീറ്റിന് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 25 ആയും പരീക്ഷ എഴുതാനുള്ള അവസരം മൂന്നായി കുറച്ചും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തീരുമാനമെടുത്തിരുന്നു. ഇതിനെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ നടപടി ചോദ്യം ചെയ്യുന്ന ഹരജികളിലാണ് വൈദ്യപഠനത്തില്‍ തല്‍പരരായ വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.
പരീക്ഷാര്‍ഥികളുടെ പ്രായപരിധി സംബന്ധിച്ച സി.ബി.എസ്.ഇ വിജ്ഞാപനം യുക്തിക്കു നിരക്കുന്നതല്ലെന്നും അതിനാല്‍ പ്രായപരിധി കൊണ്ടുവന്ന നിയമം റദ്ദാക്കണമെന്നും ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ അമരീന്ദര്‍ ശരണ്‍ വാദിച്ചു. എന്നാല്‍, പ്രായപരിധി റദ്ദാക്കുന്നതിനെ എതിര്‍ത്തില്ലെങ്കിലും ഹരജിക്കാര്‍ക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിക്കുകയാണെങ്കില്‍ പരീക്ഷാനടത്തിപ്പിെൻറ നടപടിക്രമങ്ങള്‍ താളംതെറ്റുമെന്ന വാദമാണ് സി.ബി.എസ്.ഇക്കുവേണ്ടി ഹാജരായ എസ്.കെ. സിങ് നിരത്തിയത്. പരീക്ഷാനടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും വിജ്ഞാപനം റദ്ദാക്കുകയാണെങ്കില്‍ ഇതുവരെ ചെയ്ത നടപടികളെല്ലാം വീണ്ടും ചെയ്യേണ്ടിവരുമെന്നും സി.ബി.എസ്.ഇ വാദിച്ചു.
എന്നാല്‍, സി.ബി.എസ്.ഇയുടെ ഈ വാദം കോടതി അംഗീകരിച്ചില്ല. പ്രായപരിധി സംബന്ധിച്ചും അപേക്ഷിക്കാനുള്ള തീയതി നീട്ടിയതും സംബന്ധിച്ചും വിശദമാക്കുന്ന പുതിയ ഓണ്‍ലൈന്‍ വിജ്ഞാപനം വൈകുന്നേരത്തിനുമുമ്പ് ഓണ്‍ലൈനില്‍ നല്‍കിയിരിക്കണമെന്ന് ജസ്റ്റിസ് ദീപക് മിശ്ര സി.ബി.എസ്.ഇക്കു നിര്‍ദേശം നല്‍കി. വേനലവധിക്കുശേഷം കേസില്‍ അന്തിമ തീര്‍പ്പ് ഉണ്ടാവും. നീറ്റ് ഉർദുഭാഷയില്‍കൂടി എഴുതാനുള്ള അവസരം വേണമെന്ന ആവശ്യത്തിൽ സുപ്രീംകോടതി ഇനിയും തീരുമാനമെടുത്തില്ല. ഉർദു ഭാഷ നീറ്റില്‍ അടുത്തവര്‍ഷം ഉള്‍പ്പെടുത്താമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.