സൗരവ് ദാസിനും അശുതോഷ് രങ്കക്കും ജാമ്യമില്ല; ജുഡീഷ്യൽ കസ്റ്റഡി നീട്ടി
text_fieldsസൗരവ് ദാസ്, അശുതോഷ് രങ്ക
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ മിന്നല്‍ പ്രതിഷേധം നടത്തിയതിന് പിന്നാലെ അറസ്റ്റിലായ സി.ജെ.പി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് രങ്കക്കും ജാമ്യമില്ല. ഇരുവരുടെയും ജുഡീഷ്യൽ കസ്റ്റഡി ഡൽഹി സ്പെഷല്‍ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് നീട്ടി. ഇതോടെ ഇരുവരും ജയിലിൽ തന്നെ തുടരും.
ഒക്ടോബര്‍ 13നാണ് സൗരവ് ദാസിനെയും അശുതോഷ് രങ്കയെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധിക്കാനുള്ള ഇടങ്ങളില്‍ നിന്ന് ജന്തര്‍ മന്തറിനെ ഒഴിവാക്കിയതിനെതിരെ സി.ജെ.പി നടത്തിയ മിന്നല്‍ സമരത്തിന് പിന്നാലെയായിരുന്നു അറസ്റ്റ്. വന്‍ തടസ്സങ്ങള്‍ തീര്‍ത്ത് കെട്ടിയടച്ച ജന്തര്‍ മന്തറിലേക്ക് പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്ന് ഇവരുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കുകയായിരുന്നു.
പിറ്റേന്ന് കോടതിയില്‍ ഹാജരാക്കിയ നേതാക്കളെ മന്ദിര്‍ മാര്‍ഗിലെ സ്പെഷല്‍ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് കോടതി അഞ്ചു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. തിഹാര്‍ ജയിലിലേക്കാണ് ഇവരെ മാറ്റിയത്. എന്നാല്‍, അഞ്ച് ദിവസം കഴിഞ്ഞിട്ടും ഇന്നലെ ഇവരുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചിരുന്നില്ല. ഇതില്‍ സി.ജെ.പി വൻ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
അതിക്രമിച്ചുകടക്കല്‍, നിരോധനാജ്ഞ ലംഘിക്കല്‍, സമാധാന ബോണ്ട് ലംഘിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. നേരത്തെ, അഭിജീത് ദീപ്കെക്കൊപ്പം വിമാനത്തില്‍ വെച്ച് സൗരവ് ദാസിനെയും അശുതോഷ് രങ്കയെയും കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഉപാധികളോടെ വിട്ടയക്കുകയായിരുന്നു.
അതേസമയം, ആശുതോഷ് രങ്കയെയും സൗരവ് ദാസിനെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഭീഷണി ലഭിച്ചെന്ന് കേസ് പരിഗണിക്കുന്ന പ്രത്യേക എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സംഭവത്തിൽ മജിസ്ട്രേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാതർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്. ക്രിമിനൽ ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് നടപടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

