ജാമ്യാപേക്ഷ തള്ളി; കന്യാസ്ത്രീകൾ ജയിലിൽ തുടരും
text_fieldsന്യൂഡൽഹി: ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കീഴ്കോടതി തള്ളി. മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അടുത്തഘട്ടമെന്ന നിലയിൽ ജാമ്യം തേടി സെഷൻസ് കോടതിയെ സമീപിക്കുമെന്ന് ഇവരുടെ അഭിഭാഷകർ അറിയിച്ചു. മതപരിവർത്തനവും, മനുഷ്യക്കടത്തും ആരോപിച്ചായിരുന്നു സിറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസസഭയിലെ സിസ്റ്റർമാരായ വന്ദന, പ്രീതി എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച അറസ്റ്റിലായ അങ്കമാലി, കണ്ണൂർ സ്വദേശികളായ ഇവരുടെ നാലുദിവസത്തെ ജയിൽവാസം ബി.ജെ.പി സർക്കാറിന്റെ മതന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അതിക്രമം എന്ന നിലയിൽ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
ഛത്തിസ്ഗഢിലെ നാരായൺപുർ ജില്ലയിൽ നിന്നുള്ള മൂന്ന് പെൺകുട്ടികൾക്കൊപ്പം സഞ്ചരിക്കവെയാണ് റെയിൽവേ സ്റ്റേഷനിൽ വെച്ച് ബജ്റങ്ദൾ പ്രവർത്തകർ തടഞ്ഞുവെച്ചത്. നിർബന്ധിത മതപരിവർത്തനവും, മനുഷ്യക്കടത്തും ആരോപിച്ചായിരുന്നു കന്യാസ്ത്രീകൾക്കുനേരെ തീവ്രഹിന്ദുത്വ വിഭാഗങ്ങളുടെ അതിക്രമം.
കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് പോവുകയാണെന്ന് പെൺകുട്ടികൾ അറിയിക്കുകയും, രക്ഷിതാക്കളുടെ അനുമതി പത്രവും തിരിച്ചറിയൽ രേഖകളും ഹാജരാക്കിയെങ്കിലും ഇവർക്കെതിരെ കേസ് എടുക്കുകയായിരുന്നു. തുടർന്ന് കാതലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) നേതൃത്വത്തിൽ ബി.ജെ.പി നേതാക്കൾ വഴി കേന്ദ്രത്തിലും ഛത്തീസ്ഗഢ് സർക്കാറിലും സമ്മർദം ചെലുത്താനുള്ള ശ്രമങ്ങളും സജീവമായി. സഭയുടെ നേതൃത്വത്തിൽ തന്നെ നിയമപോരാട്ടവും ആരംഭിച്ചു. മനുഷ്യക്കടത്തും, മതപരിവർത്തനവും ഉൾപ്പെടെ ഗുരുതര കേസുകൾ ചുമത്തിയതാണ് കീഴ്കോടതിിൽ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷക്ക് തിരിച്ചടിയായത്.
അതേസമയം, കന്യാസ്ത്രീകളുടെ അറസ്റ്റ് കേരളത്തിൽ രാഷ്ട്രീയ തിരിച്ചടിയാവുമെന്ന് ഭയന്ന ബി.ജെ.പി നേതൃത്വം മധ്യസ്ഥ ദൗത്യവുമായി രംഗത്തുണ്ട്. സംസ്ഥാന ബി.ജെ.പി പ്രതിനിധി ചൊവ്വാഴ് ഛത്തീസ്ഗഢിലെത്തി ഉപമുഖ്യമന്ത്രി വിജയ് ശർമയുമായി കൂടികാഴ്ച നടത്തി.
കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാരായ എൻ.കെ പ്രേമചന്ദ്രൻ, ബെന്നി ബെഹനാൻ, എം.എൽ.എ റോജി എം ജോൺ ഉൾപ്പെടെ നേതാക്കളും ഛത്തീസ്ഗഢിലെ ദുർഗ ജയിലിൽ കന്യാസ്ത്രീകളെ സന്ദർശിച്ച് പിന്തുണ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.