Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റേസ് കോഴ്സ് മസ്ജിദിൽ നമസ്കാരത്തിന് അനുമതി തേടിയ ഹരജിയിൽ ഇടപെടാതെ ഡൽഹി ഹൈകോടതി; പള്ളി പൊളിക്കില്ലെന്ന് കേന്ദ്രം

text_fields
bookmark_border
Race Course Masjid
cancel

ന്യൂഡൽഹി: വഖഫ് ബോർഡിന്‍റെ നിവേദനത്തിൽ തീരുമാനമെടുക്കുന്നതുവരെ പ്രധാനമന്ത്രിയുടെ വസതിക്കു സമീപത്തുള്ള റേസ് കോഴ്‌സ് മസ്ജിദ് പൊളിക്കില്ലെന്ന് ഡൽഹി ഹൈകോടതിയിൽ കേന്ദ്രത്തിന്‍റെ ഉറപ്പ്.

എന്നാൽ, പള്ളിയിൽ നമസ്‌കാരത്തിന് അനുമതി തേടി സമർപ്പിച്ച ഹരജിയിൽ കോടതി ഇടപെടാൻ വിസമ്മതിച്ചു. മസ്ജിദ് പൊളിക്കുമെന്ന ആശങ്കയിൽനിന്ന് സംരക്ഷണം നൽകണമെന്നും വിശ്വാസികൾക്ക് പള്ളിയിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സയ്യിദ് അഹമ്മദ് സൗദ് സമർപ്പിച്ച ഹരജി ജസ്റ്റിസ് അനീഷ് ദയാൽ പരിഗണിക്കുകയായിരുന്നു. ലാൻഡ് ആൻഡ് ഡെവലപ്‌മെന്റ് ഓഫിസിനുവേണ്ടി ഹാജരായ കേന്ദ്ര സർക്കാർ അഭിഭാഷകൻ ആശിഷ് ദീക്ഷിത്, വഖഫ് ബോർഡിന്റെ നിവേദനത്തിൽ നാലാഴ്ചക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് കോടതിയെ അറിയിച്ചു. അതുവരെ യാതൊരു നടപടിയും സ്വീകരിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.

ഹരജിക്കാരന്റെ അഭിഭാഷകൻ പള്ളിയിൽ നമസ്‌കാരം നടത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാൻ കോടതി വിസമ്മതിച്ചു. ഹർജിക്കാരന് ഇത്തരത്തിൽ ഹരജി സമർപ്പിക്കാൻ നിയമപരമായ അവകാശമുണ്ടോ എന്ന് ദീക്ഷിത് ചോദിച്ചു. സമാന സാഹചര്യങ്ങളിൽ വിശ്വാസികൾക്ക് കോടതിയെ സമീപിക്കാൻ അനുമതി നൽകുന്നത് കൂടുതൽ കേസുകൾക്ക് വഴിയൊരുക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ, സൗദിനുവേണ്ടി ഹാജരായ അഭിഭാഷകൻ എം. സുഫിയാൻ സിദ്ദീഖി ഇതിനെ എതിർത്തു. കേസ് ഡിസംബർ 16ന് വീണ്ടും പരിഗണിക്കും. 53 ഏക്കർ വിസ്തൃതിയുള്ള റേസ് കോഴ്‌സ് ക്ലബിനുള്ളിലാണ് ചരിത്രപ്രസിദ്ധമായ മസ്ജിദുള്ളത്. പ്രധാനമന്ത്രിയുടെ വസതിയായ 7, ലോക് കല്യാൺ മാർഗിന് സമീപമാണിത്.

മസ്ജിദ് പൊളിക്കുകയോ മറ്റ് നടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നതിൽനിന്ന് സംരക്ഷണം നൽകണമെന്നും വിശ്വാസികൾക്ക് തടസ്സമില്ലാതെ പള്ളിയിൽ പ്രവേശിക്കാനുള്ള സൗകര്യം പുനഃസ്ഥാപിക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. 1995ലെ വഖഫ് നിയമത്തിലെ സെക്ഷൻ 32 പ്രകാരം ഡൽഹി വഖഫ് ബോർഡ് നിയമപരമായ ചുമതലകൾ നിർവഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർദേശം നൽകണമെന്നും ഹരജിക്കാരൻ പറഞ്ഞു. മസ്ജിത് വിജ്ഞാപനം ചെയ്ത വഖഫ് സ്വത്താണെന്നും പൈതൃക പദവി ലഭിച്ചിട്ടുണ്ടെന്നും സിദ്ദീഖി വാദിച്ചു.

പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതും മസ്ജിദിലേക്കുള്ള വൈദ്യുതി, ജല കണക്ഷനുകൾ വിച്ഛേദിച്ചതും വിശ്വാസികൾക്ക് നമസ്‌കാരം നടത്താൻ തടസ്സമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിന് മുമ്പ് മുതൽ തന്നെ പള്ളി നിലനിന്നിരുന്നതാണെന്ന് ഹരജിയിൽ പറയുന്നു. 1977 ജൂലൈ 27ന് പുറപ്പെടുവിച്ച വഖഫ് സ്വത്തുക്കളുടെ വിജ്ഞാപനത്തിൽ പള്ളി ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് 1977 സെപ്റ്റംബർ എട്ടിന് ഡൽഹി ഗസറ്റിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ 18-ാം നമ്പറായാണ് പള്ളി ഉൾപ്പെട്ടതെന്നും ഹരജിയിൽ വ്യക്തമാക്കുന്നു. 1976 മുതൽ പള്ളിക്ക് വൈദ്യുതി കണക്ഷൻ ഉണ്ടായിരുന്നു, 2026 ഒക്ടോബർ ഏഴിനാണ് അത് വിച്ഛേദിക്കുന്നത്. 2008ലാണ് പള്ളിക്ക് ജല കണക്ഷൻ ലഭിച്ചതെന്നും ഹരജിയിൽ വ്യക്തമാക്കുന്നു.

2021ൽ സമീപത്തെ ജനവാസകേന്ദ്രത്തിൽ നടത്തിയ സർവേയിൽ കണ്ടെത്തിയതായി പറയുന്ന 69 കൈയേറ്റങ്ങളുടെ പട്ടികയിൽ ഈ പള്ളി ഉൾപ്പെട്ടിരുന്നില്ലെന്നും ഹർജിയിൽ പറയുന്നു. പ്രദേശത്തെ കൈയേറ്റങ്ങളെയും ചേരിവാസികളെയും സംബന്ധിച്ച് 2026 ആഗസ്റ്റ് 25ന് ഡൽഹി ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച വിധിയും ഹരജിയിൽ പരാമർശിക്കുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - No demolition of Race Course Masjid till Waqf Board’s representation is decided
Next Story