പുക സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല, പഴയ കാറുകൾക്ക് പ്രവേശനമില്ല; നിയന്ത്രണം കടുപ്പിച്ച് ഡൽഹി
text_fieldsപുകമഞ്ഞ് നിറഞ്ഞ ഡൽഹിയിലെ റോഡ്
ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി. ബി.എസ് 6നു താഴെയുള്ള കാറുകൾക്ക് കേന്ദ്രഭരണ പ്രദേശത്ത് പ്രവേശനം വിലക്കിയതിനൊപ്പം, പുകപരിശോധന സർട്ടിഫിക്കറ്റ് (പൊല്യൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റ് -പി.യു.സി) ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന നിയമവും വ്യാഴാഴ്ച പ്രാബല്യത്തിൽ വന്നു. പെട്രോൾ പമ്പുകളിലെ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എ.എൻ.പി.ആർ) ക്യാമറകളുടെ സഹായത്തോടെ വോയിസ് അലർട്ട് മുഖേനയാണ് ജീവനക്കാർ വാഹനത്തിന്റെ പി.യു.സി സർട്ടിഫിക്കറ്റ് വിവരം അറിയുക. ആവശ്യമെങ്കിൽ പൊലീസിന്റെ സഹായവും ലഭിക്കും.
നിയന്ത്രണങ്ങൾ നടപ്പാക്കാനായി അതിർത്തി എൻട്രി പോയിന്റുകൾ ഉൾപ്പെടെ 126 ചെക്ക് പോയിന്റുകളിലായി 580 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചെന്ന് അധികൃതർ അറിയിച്ചു. നിയന്ത്രണങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പെട്രോൾ പമ്പുകളിലും അതിർത്തിയിലും ഗതാഗത വകുപ്പിന്റെ എൻഫോഴ്സ്മെന്റ് ടീമിനെയും വിന്യസിച്ചിട്ടുണ്ട്. സി.എൻ.ജി, ഇലക്ട്രിക്, പൊതുഗതാഗത വാഹനങ്ങൾ, അവശ്യ സാധനങ്ങൾ എത്തിക്കുന്ന വാഹനങ്ങൾ എന്നിവക്ക് നിയന്ത്രണം ബാധകമല്ല. നിയന്ത്രണം നടപ്പാക്കുന്ന മുറയ്ക്ക് ഗുരുഗ്രാം, നോയിഡ, ഗാസിയബാദ് എന്നിവിടങ്ങളിൽനിന്നുള്ള 12 ലക്ഷം വാഹനങ്ങൾ ഡൽഹിയിലേക്ക് പ്രവേശിക്കില്ലെന്നാണ് കണക്കാക്കുന്നത്.
ശൈത്യകാലത്തെ മലിനീകരണത്തിന് 20 ശതമാനത്തോളം കാരണമാകുന്നത് വാഹനങ്ങളിൽനിന്ന് ബഹിർഗമിക്കുന്ന വിഷമയമായ വാതകങ്ങളാണെന്ന റിപ്പോർട്ടിനെ തുടർന്നാണ് നിയന്ത്രണം കടുപ്പിച്ചത്. നവംബർ മധ്യത്തോടെ ഡൽഹിയിലെ മലിനീകരണത്തോത് വൻതോതിൽ ഉയർന്നിരുന്നു. 350നു മുകളിലാണ് ചൊവ്വാഴ്ച വൈകിട്ടത്തെ വായുഗുണനിലവാര സൂചിക. പ്രൈമറി സ്കൂളുകൾക്ക് പൂർണമായും ഓൺലൈൻ ക്ലാസുകളാക്കിയിട്ടുണ്ട്. സെക്കൻഡറി വിദ്യാർഥികൾക്ക് ഹൈബ്രിഡ് മോഡിലാണ് ക്ലാസുകൾ നടക്കുന്നത്. എല്ലാ സ്ഥാപനങ്ങളും നിർബന്ധമായും 50 ശതമാനം വർക്ക് ഫ്രം ഹോം നടപ്പാക്കണമെന്നും സർക്കാർ നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

