ഹെൽമറ്റ് ഇല്ലെങ്കിൽ നാളെമുതൽ പെട്രോളുമില്ല; നിയമലംഘനത്തിന് പൂട്ടിടാൻ അധികൃതർ
text_fieldsപ്രതീകാത്മക ചിത്രം
ഇന്ദോർ (മധ്യപ്രദേശ്): ഹെൽമറ്റ് വെക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്നത് നമ്മുടെ രാജ്യത്ത് നിയമവിരുദ്ധമാണ്. എന്നാൽ അധികൃതരുടെ കണ്ണുവെട്ടിച്ച് നിയമം ലംഘിക്കുകയും അപകടത്തിൽ പെടുകയും ചെയ്യുന്നവരുടെ എണ്ണം ചെറുതല്ല. ഇതോടെ ഹെൽമറ്റ് നിർബന്ധമാക്കാൻ പുതിയ നിയമം നടപ്പാക്കാനൊരുങ്ങുകയാണ് മധ്യപ്രദേശിലെ ഇന്ദോർ ജില്ല. ആഗസ്റ്റ് ഒന്ന് മുതൽ ഹെൽമറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ച് എത്തുന്നവർക്ക് പമ്പുകളിൽനിന്ന് പെട്രോൾ നൽകേണ്ടതില്ലെന്നാണ് അധികൃതരുടെ നിർദേശം.
സുപ്രീംകോടതിയുടെ റോഡ് സുരക്ഷാ കമ്മിറ്റി ചെയർമാനും മുൻ ജഡ്ജിയുമായ ജസ്റ്റിസ് അഭയ് മനോഹർ സപ്രേയുടെ നിർദേശ പ്രകാരമാണ് ഇന്ദോറിൽ പുതിയ പരിഷ്കരണം വരുന്നത്. യാത്രികരുടെ സുരക്ഷ ഉറപ്പാക്കാനായി ഇരുചക്ര വാഹനത്തിൽ ഹെൽമറ്റും കാറിൽ സീറ്റ് ബെൽറ്റും ധരിക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക കാമ്പെയിൻ സംഘടിപ്പിക്കണമെന്നായിരുന്നു സപ്രേയുടെ നിർദേശം. ഇതോടെ ഇന്ദോറിൽ ആഗസ്റ്റ് ഒന്നുമുതൽ ഹെൽമറ്റില്ലാത്ത ഇരുചക്രവാഹന യാത്രികർക്ക് പെട്രോൾ നൽകേണ്ടെന്ന് നിർദേശം നൽകുകയായിരുന്നുവെന്ന് ജില്ലാ മജിസ്ട്രേറ്റ് ആശിഷ് സിങ് പറഞ്ഞു.
ഉത്തരവ് ലംഘിക്കുന്ന പെട്രോൾ പമ്പുകൾക്കെതിരെ 2023ലെ സിവിൽ സെക്യൂരിറ്റി കോഡ് 163-ാം വകുപ്പ് പ്രകാരം നടപടിയെടുക്കും. ഒരു വർഷം തടവോ 5000 രൂപ പിഴയോ അല്ലെങ്കിൽ ഇത് രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. അടുത്തിടെ ഇന്ദോറിൽ വർധിച്ചുവരുന്ന ട്രാഫിക് നിയമലംഘനത്തിൽ അധികൃതരെ വിമർശിച്ച് മധ്യപ്രദേശ് ഹൈകോടതി രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ നീക്കം. 1950നു ശേഷം 32 ലക്ഷം വാഹനങ്ങളാണ് ഇന്ദോറിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഏകദേശം 21 ലക്ഷം വാഹനങ്ങളാണ് ഇന്ദോറിലെ നിരത്തുകളിൽ നിലവിൽ ഓടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.