‘മുസ്‍ലിംകൾക്ക് ഒരു പരിഗണനയുമില്ലാത്ത പാർട്ടിയാണ് ബി.ജെ.പി’ -രൂക്ഷ വിമർശനവുമായി ബി.ജെ.പി അംഗം അലിഷ അബ്ദുല്ല
text_fieldsഅലിഷ അബ്ദുല്ല
ചെന്നൈ: മുസ്‍ലിംകൾക്ക് ഒരു പരിഗണനയും നൽകാത്ത രാഷ്ട്രീയ പാർട്ടിയാണ് ബി.ജെ.പിയെന്ന് തുറന്നടിച്ച് പാർട്ടി അംഗം കൂടിയായ മുൻ കാർ റേസിങ് താരം അലിഷ അബ്ദുല്ല.
തമിഴ്നാട്ടിലെ ബി.ജെ.പി ഭാരവാഹി പുനഃസംഘടനക്കു പിന്നാലെയാണ് പാർട്ടിയുടെ സെലിബ്രിറ്റി മുഖങ്ങളിൽ ഒരാൾ കൂടിയായ അലിഷ അബ്ദുല്ല രംഗത്തെത്തിയത്. മുസ്‍ലികൾക്കോ, മറ്റു ന്യുനപക്ഷ വിഭാഗങ്ങൾക്കോ പാർട്ടിയിൽ ഒരു പരിഗണനയും ലഭിക്കുന്നില്ലെന്നും അവർ വിശദീകരിച്ചു.
സെപ്റ്റംബർ നാലിന് നടന്ന ബി.ജെ.പി തമിഴ്നാട് ഘടകത്തിലെയും വിവിധ പോഷക സംഘടനകളിലിലെയും ഭാരവാഹി പ്രഖ്യാപനത്തിൽ ഒരു മുസ്‍ലിം അംഗത്തെ പോലും പരിഗണിച്ചില്ലെന്നും, ഇത് തീർത്തും നിരാശപ്പെടുത്തുന്നതാണെന്നും തമിഴ്നാട്ടിലെ ന്യൂനപക്ഷ മുഖമായി ഉയർത്തികാട്ടിയ അലിഷ അബ്ദുല്ല പറന്നു.
പ്രധാനമന്ത്രി മോദിയിലും തമിഴ്നാട് മുൻ സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയിലും പ്രചോദനം ഉൾകൊണ്ടായിരുന്നു മൂന്നു വർഷം മുമ്പ് ബി.ജെ.പിൽ അംഗമായതെന്ന് അലിഷ പറഞ്ഞു. ‘മതമില്ല, ജാതിയില്ല, പൂർണമായ കഠിനാധ്വാനത്തിന് മാത്രം പരിഗണന എന്ന വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് വിശ്വസിച്ചു. കഴിഞ്ഞ മൂന്നു വർഷമായി പാർട്ടിക്കായി രാവും പകലുമെന്നില്ലാതെ ആത്മാർത്ഥമായി പ്രവർത്തിച്ചു. രാജ്യത്തെ ശ്രദ്ധേയയായ കായിക താരമെന്ന നിലയിൽ പാർട്ടിയിൽ നിന്നുള്ള അനുഭവം നിരാശപ്പെടുത്തുന്നതാണ്’ -അലിഷ അബ്ദുല്ല ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കേശവ വിനായകനോട് പരാതി പറഞ്ഞുവെങ്കിലും അദ്ദേഹം അവഗണിച്ചുവെന്നും, ഇത് ബി.ജെ.പിയിൽ മുസ്‍ലികൾക്ക് ഒരു ഇടവുമില്ലെന്ന് തെളിയിക്കുന്നതാണെന്നും അലിഷ കുറിച്ചു. പാർട്ടിയുടെ 28 ജില്ലാ പ്രസിഡന്റുമാരിൽ ഒരു മുസ്‍ലിലോ ക്രിസ്റ്റ്യനോ ഇല്ലെന്നും അവർ ചൂണ്ടികാട്ടി.
ഇന്ത്യയിലെ ആദ്യ വനിതാ കാർ റേസിങ് ചാമ്പ്യൻ എന്ന നിയിൽ ശ്രദ്ധേയയായിരുന്നു അലിഷ അബ്ദുല്ല. 10ാം വയസ്സിൽ റേസിങ് ട്രാക്കിലിറങ്ങിയ താരം, ദേശീയ ജേതാവുമായി. 2022ലാണ് ഇവർ ബി.ജെ.പിൽ അംഗത്വം നേടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.