നോയിഡ: തൊഴിലാളികളോട് തോറ്റ് യോഗി; മിനിമം വേതനം കൂട്ടി -വീട്ടുജോലിക്കാരും സമരത്തിനിറങ്ങി
text_fieldsന്യൂഡൽഹി: മാന്യമായ ശമ്പളവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ നോയിഡയിലും ഗാസിയാബാദിലും തെരുവിലിറങ്ങിയ തൊഴിലാളിശക്തി ഫലം കണ്ടു. സമരത്തിലെ സംഘർഷത്തിന് പിന്നാലെ യോഗി സർക്കാർ തൊഴിലാളികളുടെ കുറഞ്ഞ വേതനത്തിൽ ഇടക്കാല വർധന പ്രഖ്യാപിച്ചു.
നോയിഡയും ഗാസിയാബാദും ഉൾപ്പെടുന്ന മേഖലകളിൽ അവിദഗ്ധ തൊഴിലാളികളുടെ വേതനം 11,313 രൂപയിൽനിന്ന് 13,690 ആയും അർധ-വിദഗ്ധ തൊഴിലാളികൾക്ക് 12,445 രൂപയിൽനിന്ന് 15,059 രൂപയായും, വിദഗ്ധ തൊഴിലാളികൾക്ക് 13,940 രൂപയിൽനിന്ന് 16,868 രൂപയായുമായാണ് വർധിപ്പിച്ചത്.
അതേസമയം, ഫാക്ടറി തൊഴിലാളികൾക്ക് പിന്നാലെ നോയിഡയിലെ വിവിധ സെക്ടറുകളിലുള്ള വീട്ടുജോലിക്കാരും വേതന വർധന ആവശ്യപ്പെട്ട് സമരരംഗത്തിറങ്ങിയതായി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എക്സിൽ കുറിച്ചു. അതേസമയം, വീട്ടുജോലിക്കാരുടെ സമരം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ വ്യാജമാണെന്നാണ് പൊലീസ് ഭാഷ്യം. അയൽസംസ്ഥാനമായ ഹരിയാനയിൽ മിനിമം വേതനം വർധിപ്പിച്ചതിന് പിന്നാലെ നോയിഡയിലെ 40,000ത്തോളം ഫാക്ടറി തൊഴിലാളികളും പ്രക്ഷോഭത്തിനിറങ്ങുകയായിരുന്നു. നഗരത്തിലെ 80ഓളം കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധത്തിൽ പൊലീസുമായി ഏറ്റുമുട്ടലും വാഹനങ്ങൾക്കും വസ്തുവകകൾക്കും തീയിടുന്നതിലേക്കും എത്തിയിരുന്നു.
കല്ലേറും മറ്റ് അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 300ലധികം പേർ അറസ്റ്റിലാവുകയും ചെയ്തു. പ്രതിദിനം 12 മണിക്കൂർ ജോലി ചെയ്തിട്ടും മാസം വെറും 13,000 രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ തൊഴിലാളികളുടെ അവസാനത്തെ നിലവിളിയാണിതെന്നും മോദി സർക്കാർ അവരെ ഒരു ഭാരമായാണ് കാണുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി. വിലക്കയറ്റം മൂലം തൊഴിലാളികളും മധ്യവർഗ കുടുംബങ്ങളും ഒരുപോലെ കഷ്ടപ്പെടുകയാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. സംസ്ഥാന സർക്കാർ പൊലീസിനെ ഉപയോഗിച്ച് തൊഴിലാളികളെ വേട്ടയാടുകയാണെന്ന് സി.പി.എം കുറ്റപ്പെടുത്തി.
പ്രതിഷേധത്തിന്റെ മറവിൽ അക്രമം അഴിച്ചുവിടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നക്സലിസം പുനരുജ്ജീവിപ്പിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

